ക്രിപ്‌റ്റോ വിപണി നഷ്ടത്തില്‍ എക്‌സ്ആര്‍പിയില്‍ നേരിയ നേട്ടം
ന്യൂഡെല്‍ഹി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ക്രിപ്റ്റോ വിപണി വീണ്ടും നഷ്ടത്തില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 4.42 ശതമാനം ഇടിഞ്ഞ് 2.19 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 125.25 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കും വിപണി സാക്ഷിയായി (1.69 ശതമാനം കുറവ്). മൊത്തം വില്‍പ്പനയുടെ 77.34 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 96.87 ബില്യണ്‍ ഡോളര്‍ വരുമിത്.
വെള്ളിയാഴ്ച്ച 48,500 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന്‍ ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്റ്റോ വിപണിയില്‍ 41.66 ശതമാനം ആധിക്യം ബിറ്റ്കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സികളുടെ പട്ടികയില്‍ എക്സ്ആര്‍പി മാത്രമാണ് നേരിയ നേട്ടം കാഴ്ച്ചവെക്കുന്നത്. 0.1 ശതമാനം വീതം എക്സ്ആര്‍പി കോയിനില്‍ കാണാം. ബിറ്റ്കോയിന്‍, ഈഥര്‍, പോള്‍ക്കഡോട്ട് തുടങ്ങിയ വമ്പന്മാരെല്ലാം നഷ്ടത്തില്‍ വ്യാപാരം നടത്തുകയാണ്. യുണിസ്വാപ്പ്, ഡോജ്കോയിന്‍, ബൈനാന്‍സ് കോയിന്‍ എന്നിവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 4 ശതമാനം വീതം തകര്‍ച്ച ഇവരില്‍ ദൃശ്യമാണ്. ഈ അവസരത്തില്‍ ലോകത്തെ പ്രചാരമേറിയ ആദ്യ 10 ക്രിപ്റ്റോ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (വെള്ളി, രാവിലെ 7.40 മണി സമയം).
ബിറ്റ്‌കോയിന്‍ - 48,561.95 ഡോളര്‍ (2.14 ശതമാനം ഇടിവ്)
എഥീറിയം - 3,749.58 ഡോളര്‍ (0.42 ശതമാനം ഇടിവ്)
ബൈനാന്‍സ് കോയിന്‍ - 479.0 ഡോളര്‍ (3.89 ശതമാനം ഇടിവ്)
ടെതര്‍ - 1 ഡോളര്‍ (0.06 ശതമാനം നേട്ടം)
കാര്‍ഡാനോ - 2.930 ഡോളര്‍ (1.45 ശതമാനം ഇടിവ്)
ഡോജ്‌കോയിന്‍ - 0.2910 ഡോളര്‍ (4.12 ശതമാനം ഇടിവ്)
എക്‌സ്ആര്‍പി - 1.2400 ഡോളര്‍ (0.17 ശതമാനം നേട്ടം)
പോള്‍ക്കഡോട്ട് - 31.44 ഡോളര്‍ (3.35 ശതമാനം ഇടിവ്)
യുഎസ്ഡി കോയിന്‍ - 0.9996 ഡോളര്‍ (0.02 ശതമാനം നേട്ടം)
യുണിസ്വാപ്പ് - 29.27 ഡോളര്‍ (4.32 ശതമാനം ഇടിവ്)
നിലവില്‍ പുതിയ ക്രിപ്റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉപയോഗം അടിസ്ഥാനപ്പെടുത്തി ക്രിപ്റ്റോകറന്‍സികളെ തരംതിരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന. സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്. ഇതിനിടെ കേരളത്തില്‍ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ബിറ്റ്കോയിനടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ സ്വീകരിച്ച് അച്ചാറുകള്‍ വില്‍ക്കുന്നത് ദേശീയതലത്തില്‍ ശ്രദ്ധനേടുകയാണ്. 'അതേ നല്ലതാ ഡോട്ട് കോം' എന്ന പേരില്‍ എംബിഎക്കാരായ രണ്ടു യുവാക്കളാണ് ക്രിപ്റ്റോകറന്‍സി സ്വീകരിച്ച് അച്ചാറുകള്‍ വില്‍ക്കുന്നത്. ആര്‍ അക്ഷയ്, ഹാഫിസ് റഹ്‌മാന്‍ എന്നിവരാണ് നൂതനാശയവുമായി അച്ചാര്‍ ബിസിനസ് നടത്തുന്നത്. കഴിഞ്ഞവര്‍ഷം ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയുടെ വില്‍പ്പന പ്രധാനമായും ഓണ്‍ലൈന്‍ വഴിയാണ്. ഇതേസമയം, 30 ഓളം കടകളിലും ഇവരുടെ അച്ചാറുകള്‍ വാങ്ങാന്‍ കിട്ടും. ജര്‍മനിയിലേക്കും അച്ചാറുകള്‍ ഇവര്‍ കയറ്റുമതി ചെയ്യുന്നുണ്ട്. നിലവില്‍ കറന്‍സി നോട്ടുകള്‍ ഇടപാടുകള്‍ക്കായി ഇവര്‍ സ്വീകരിക്കുന്നില്ല. ഗുഗിള്‍ ആപ്പ്, യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, ക്രിപ്റ്റോകറന്‍സി എന്നിവയാണ് പെയ്മെന്റ് മോഡുകള്‍. ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലുള്ള പരിജ്ഞാനം മുന്‍നിര്‍ത്തിയാണ് ക്രിപ്റ്റോകറന്‍സികള്‍ സ്വീകരിക്കാനും അക്ഷയ്യും ഹാഫിസും തീരുമാനിച്ചത്. കമ്പനി ക്രിപ്റ്റോകറന്‍സി കൂടി പെയ്മെന്റ് ഓപ്ഷനായി അവതരിപ്പിച്ചിട്ട് നാലു ദിവസമാകുന്നു. എന്നാല്‍ ഇതുവരെ ക്രിപ്റ്റോകറന്‍സി നല്‍കി ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല. കൊച്ചി കാക്കനാട്ട് കേന്ദ്രമായാണ് കമ്പനിയുടെ പ്രവര്‍ത്തനം.