ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും
ഉപരോധം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷ
ജിദ്ദ: സൗദി- ഖത്തര്‍ അതിര്‍ത്തി തുറന്ന പശ്ചാത്തലത്തില്‍ സൗദിയില്‍ ഇന്ന് നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉപരോധം അവസാനിപ്പിക്കുന്ന അന്തിമ പ്രഖ്യാപനം ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് സൗദി- ഖത്തര്‍ അതിര്‍ത്തി തുറന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പങ്കെടുക്കുന്നത്. സൗദിയിലെ അല്‍ ഊലായിലാണ് ഉച്ചകോടി.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടാന്‍ അമീറിന്റെ സൗദി സന്ദര്‍ശനം കാരണമാകുമെന്നാണ് പ്രതീക്ഷ. ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഭീകരവാദ പ്രവര്‍ത്തനത്തെ ഖത്തര്‍ പിന്തുണക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഉപരോധം. പ്രതിസന്ധി പരിഹരിക്കാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തുന്നത് ഉള്‍പ്പെടെ 12 ഉപാധികള്‍ സൗദി മുന്നോട്ട് വെച്ചിരുന്നു. ഇതുസംബന്ധമായ നിരന്തരമായ ചര്‍ച്ചകള്‍ ആണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.