കൊവിഷീല്‍ഡ് സര്‍ക്കാര്‍ സൗജന്യമായി നല്‍കും
പ്രൈവറ്റ് മാര്‍ക്കറ്റില്‍ നിന്ന് പണം നല്‍കി
വാങ്ങാം: സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ദില്ലി:കൊവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാര്‍ സൗജന്യമായിത്തന്നെ നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അദാര്‍ പൂനവാലെ. സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നും ആവശ്യമുള്ളവര്‍ക്ക് പ്രൈവറ്റ് മാര്‍ക്കറ്റില്‍ നിന്ന് 1000 രൂപ മുടക്കി വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ കുറച്ച് ആളുകള്‍ക്ക് 200 രൂപയ്ക്ക് നല്‍കുമെന്നും പൂനവാലെ പറഞ്ഞു.
''ആദ്യത്തെ കുറച്ച് ആളുകള്‍ക്ക് 200 രൂപയ്ക്ക് ഞങ്ങള്‍ വാക്‌സിന്‍ നല്‍കും. അതിനു ശേഷം വിലയില്‍ മാറ്റമുണ്ടാവും. പക്ഷേ, സര്‍ക്കാരിന് ഞങ്ങള്‍ നല്‍കുന്ന വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും. പ്രൈവറ്റ് മാര്‍ക്കറ്റിലും വാക്‌സിന്‍ അതേസമയം വില്പന നടത്തും. ഒരു ഷോട്ടിന് 1000 രൂപയാണ് വില വരിക. വാക്‌സിന് ഒരു ബൂസ്റ്റര്‍ ഡോസ് കൂടി ആവശ്യമുണ്ട്. അപ്പോള്‍ ആകെ 2000 രൂപ വരും.''- പൂനവാലെ പറഞ്ഞു.
സര്‍ക്കാരിന് 200 രൂപയ്ക്ക് വാക്‌സിന്‍ നല്‍കുമെന്ന് നേരത്തെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. അഞ്ച് കോടി ഡോസ് വാക്സിനുകള്‍ക്ക് അധികൃതരുടെ അനുമതി ലഭിച്ചിട്ടുണ്ട്. കയറ്റുമതി സംബന്ധിച്ച് വിവിധ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍, നിലവില്‍ വാക്‌സിന്‍ കയറ്റുമതിക്ക് സര്‍ക്കാര്‍ അനുമതിയില്ല. കയറ്റുമതിക്കുള്ള അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. അനുമതി ലഭിച്ചാല്‍ 68 രാജ്യങ്ങളിലേയ്ക്ക് വാക്സിന്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കും. മിനിട്ടില്‍ 5000 ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനു ശേഷിയുണ്ടെന്നും അദാര്‍ പൂനവാല പറഞ്ഞു.