കോഴിക്കോട്: വയനാട്ടിലെ ചൂരല്‍ മലയിലും മുണ്ടക്കൈയ്യിലും ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് കൈത്താങ്ങാവും. ദുരന്തത്തില്‍ ഭവന രഹിതരായ 11 കുടുംബങ്ങള്‍ക്ക് ബാങ്ക് വീടു വച്ചു നല്‍കും. അധികാരികളോ, സ്വകാര്യ സ്ഥാപനങ്ങളോ, വ്യക്തികളോ സൗജന്യമായി നല്‍കുന്ന സ്ഥലത്ത് സര്‍ക്കാരിന്റെ അനുവാദത്തോടെ അഞ്ച് ലക്ഷം രൂപ വീതം ചെലവഴിച്ചു വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ബാങ്ക് സന്നദ്ധമാണെന്നും ഇതിനായി 55 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ടെന്നും ബാങ്കിന്റെ സ്ഥാപക ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍ഐടി കോഴിക്കോടുമായി ആലോചിച്ച് വയനാടിന്റെ ഭൂപ്രകൃതിക്ക് ഉതകുന്ന രീതിയിലുള്ള വീടുകളായിരിക്കും നിര്‍മ്മിക്കുക. 120 ദിവസം കൊണ്ട് വീട് പൂര്‍ണമായി നിര്‍മ്മിച്ചു നല്‍കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. അല്ലാത്ത പക്ഷം സര്‍ക്കാരിന്റെ ഏതെങ്കിലും സഹായപദ്ധതിയുടെ ഭാഗമായി ഈ ദൗത്യം ഏറ്റെടുക്കാനും തയ്യാറാണ്. ഷിരൂരില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവര്‍ അര്‍ജ്ജുന്റെ ഭാര്യക്ക് ജോലിനല്‍കാന്‍ സിറ്റി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഒരുക്കമാണ്. അവരെ ജൂനിയര്‍ ക്ലര്‍ക്കില്‍ കുറയാത്ത തസ്തികയില്‍ നിയമിക്കുന്നതിന് സഹകരണ റജിസ്ട്രാര്‍ അനുമതി നല്‍കുകയാണെങ്കില്‍ എത്രയും പെട്ടെന്ന് നിയമനെ നല്‍കുമെന്നും വിജയകൃഷ്ണന്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ്, ഡയറക്ടര്‍മാരായ സി.ഇ.ചാക്കുണ്ണി, കെ.പി.രാമചന്ദ്രന്‍, ടി.എം.വേലായുധന്‍, പി.എ. ജയപ്രകാശ്, ജനറല്‍ മാനേജര്‍ സാജു ജെയിംസ് എന്നിവര്‍ പങ്കെടുത്തു.