വാക്‌സിന്‍: 'ലോകം വലിയ തെറ്റ് ചെയ്യുന്നു'; ഇരകള്‍
പാവപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളെന്ന് ഡബ്ലുഎച്ച്ഒ
ജനീവ: നിരവധി രാജ്യങ്ങളില്‍ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചതിനു പിന്നാലെ വാക്‌സിന്‍ വിതരണത്തിലെ നീതി ചോദ്യം ചെയ്ത് ലോകാരോഗ്യസംഘടന. ലോകം ഇന്ന് വലിയൊരു തെറ്റിന്റെ വക്കിലാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അധനോം ഗബ്രയേസസ് പറഞ്ഞു. വാക്‌സിന്‍ വിതരണത്തിലെ മുന്‍ഗണന സംബന്ധിച്ചു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ലോകത്ത് എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യപ്പെടുന്നില്ലെന്നും ഇതിന്റെ ഇരകളാകുന്നത് കൊവിഡ് 19ന്റെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന പാവപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം വെട്ടിത്തുറന്നു പറയാതിരിക്കാന്‍ കഴിയില്ലെന്നും ലോകാരോഗ്യസംഘടന എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
'49ലധികം സമ്പന്നരാജ്യങ്ങളിലാണ് 39 മില്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ഇതുവരെ നല്‍കിയത്. എന്നാല്‍ ദരിദ്രരാജ്യങ്ങളില്‍ നല്‍കിയത് 25 മാത്രമാണ്. 25 മില്യണോ 25,000മോ അല്ല, വെറും 25.' അദ്ദേഹം പറഞ്ഞതായി വോയ്‌സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ രാജ്യങ്ങളിലും തുല്യമായ അളവില്‍ വാക്‌സിന്‍ എത്തിക്കാനായി ഒന്‍പതു മാസം മുന്‍പേ കൊവാക്‌സ് എന്ന പേരില്‍ ഒരു സഖ്യം രൂപീകരിച്ചിട്ടുണ്ടെന്നിരിക്കേയാണ് ലോകാരോഗ്യസംഘടന ഇത്തരത്തില്‍ വിമര്‍ശനം നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. ദരിദ്രരാജ്യങ്ങളെ അവഗണിച്ചു കൊണ്ടുള്ള വാക്‌സിന്‍ വിതരണം കൊവിഡ് മഹാമാരി നീട്ടിക്കൊണ്ടു പോകാന്‍ മാത്രമേ ഉപകരിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.