കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ് രണ്ടു കാലുകളും നഷ്ടപ്പെട്ട സതിക്ക് താങ്ങായി കേരളത്തിലെ വാസ്തുശില്‍പ്പികള്‍. സ്വന്തമായി ഒരു വീടെന്നത് സതിയുടേയും കുടുംബത്തിന്റേയും സ്വപ്‌നമായിരുന്നു. വിധി തളര്‍ത്തിയ ജീവിതത്തില്‍ മരീചികയായ ആ സ്പനം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) കോഴിക്കോട് സെന്റര്‍ യാധാര്‍ത്ഥ്യമാക്കി.
മലപ്പുറം ജില്ലയിലെ ചങ്ങരംകുളം ആലംകോട് സ്വദേശിയാണ്് പാടത്ത് പേക്കോടത്ത് വീട്ടില്‍ സതി. രക്തം കട്ടപിടിക്കുന്ന അസുഖമുള്ള 82 വയസായ അമ്മയും അപസ്മാര രോഗിയായ മകനും വിവാഹിതയായ മകളും അടങ്ങുന്നതാണ് സതിയുടെ കുടുംബം. ഭര്‍ത്താവ് 28 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ചു പോയതാണ്. മകന്‍ ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ ജോലിക്കു പോയി ലഭിക്കുന്നതാണ് ഏക വരുമാനം. വാടക വീട്ടിലാണ് താമസം. വീട്ടു ചിലവും വാടകയുമൊക്കെയായി ജീവിതം കഷ്ടപ്പെട്ടു മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു. ആയിടെയാണ് 2013 ഓഗസ്റ്റ് ഒമ്പതിന് ദുരന്തം സതിയെ തേടിയെത്തിയത്.
വാതസംബന്ധമായ രോഗം അലട്ടിയപ്പോള്‍ കോഴിക്കോട്ട് ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു സതി. തിരിച്ചു പോകാന്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് ട്രെയിന്‍ കയറി. ട്രെയിന്‍ മാറിയെന്നും കുറ്റിപ്പുറത്ത് അതിന് സ്റ്റോപ്പില്ലെന്നും അറിഞ്ഞതിനെത്തുടര്‍ന്ന് തിരിച്ചിറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ വണ്ടിയെടുത്തു. താഴേക്കു വീണു പോയ സതിയുടെ രണ്ടു കാലുകളും ട്രെയിന്‍ ചക്രങ്ങള്‍ കയറി അറ്റുപോയി. കോഴിക്കോട്ടെ പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിസിനില്‍ ചികിത്സക്കെത്തിയപ്പോളാണ് ഐഐഎ ഭാരവാഹികള്‍ സതിയെ കാണുന്നതും അവരുടെ ദുരന്ത കഥയറിയുന്നതും.
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഒറ്റ മുറിയുള്ള വീടിന്റെ നിര്‍മാണത്തിന് സതിക്ക് സഹായം ലഭിച്ചിരുന്നു. എന്നാല്‍ വാര്‍പ്പ് കഴിഞ്ഞപ്പോഴേക്കും ആ കുടുംബത്തിലേക്ക് ദുരന്തം കടന്നുവരുകയായിരുന്നു. അമ്മയെ പരിചരിക്കാനായി ജോലി ഉപേക്ഷിച്ച് മകന് കൂട്ടിരിക്കേണ്ടി വന്നു.ഏക വരുമാനം നിലച്ചതോടെ എല്ലാം താളം തെറ്റി.
18 ലക്ഷം രൂപ ചിലവില്‍ രണ്ട് ബെഡ് റൂം, ഡൈനിംഗ് ഹാള്‍, കിച്ചണ്‍, വാര്‍ക്ക് ഏരിയ, സിറ്റൗണ്ട് എന്നിവയുള്ള വീടാണ് ഐഐഎ നിര്‍മ്മിച്ചു നല്‍കിയത്. സതിക്ക് സുഗമമായി സഞ്ചരിക്കാന്‍ ഹാന്‍ഡികാപ്ഡ് റാമ്പും നിര്‍മ്മിച്ചിട്ടുണ്ട്. ഐഐഎ മലപ്പുറം സെന്ററിന്റെ സഹകരണത്തോടെ ഐഐഎ കോഴിക്കോട് സെന്ററാണ് വീടു നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.