മാവിനെ പ്രണയിച്ച് മാവിനോടൊപ്പം ജീവിച്ച കഥ. അല്ല യാഥാര്‍ത്ഥ്യം. അതാണ് ഖലീം ഉള്ള ഖാന്‍. രുചിയേറും മാമ്പഴത്തെയും മാവിനെയും അത്രമേല്‍ പ്രണയിച്ച ഖലീമുള്ളയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ വ്യത്യസ്ത രുചിയിലും നിറത്തിലുമുള്ള 1600ലേറെ മാമ്പഴങ്ങളാണ് വിളയുന്നത്.
ചെറുപ്പത്തില്‍ തന്നെ ഹാജി ഖലീം ഉള്ള ഖാന്‍ തന്റെ വീട്ടില്‍ പൂര്‍വികര്‍ വച്ചുപിടിപ്പിച്ച മാവിന്റെ ചുറ്റും ഓടിക്കളിക്കാറുണ്ടായിരുന്നു. എന്നും മാവിനോടും മാമ്പഴങ്ങളോടും പ്രിയമുണ്ടായിരുന്നു. ആ മാമ്പഴപ്രിയം തന്നെയായിരുന്നിരിക്കണം ലഖ്‌നൗ സ്വദേശിയായ ഖലീം ഉള്ളയെക്കൊണ്ട് തന്റെ എട്ട് ഏക്കര്‍ ഭൂമിയില്‍ 1600 വ്യത്യസ്ത ഇനം മാമ്പഴം വിളയിച്ചത്.
82 വയസുള്ള ഈ ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് ആദ്യമായി താന്‍ എന്നാണ് ഒരു മാവ് നട്ടത് എന്നതിനെ കുറിച്ച് ഓര്‍ക്കുന്നു. അത് അദ്ദേഹം ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു. അതിനുശേഷം അദ്ദേഹം ഗ്രാഫ്റ്റിംഗ് മെത്തേഡ് ഉപയോഗിച്ച് കൊണ്ട് ഒറ്റ മരത്തില്‍ നിന്നും തന്നെ ഏഴ് വ്യത്യസ്ത ഇനം മാമ്പഴങ്ങളുണ്ടാക്കി.
ഇന്ന് അദ്ദേഹത്തിന്റെ പറമ്പില്‍ 120 വര്‍ഷം പഴക്കമുള്ള ഒരു മാവ് ഉണ്ട്. അതില്‍ വ്യത്യസ്ത രുചിയിലും നിറത്തിലും രൂപത്തിലും മണത്തിലുമുള്ള 30 ഇനം മാമ്പഴങ്ങളാണ് ഉണ്ടാവുന്നത്. അതിനെല്ലാം അദ്ദേഹം കൊടുത്തിരിക്കുന്ന പേരും വളരെ വെറൈറ്റിയാണ്. പ്രശസ്തരായ ആളുകളുടെ പേരാണ് അവയ്ക്ക് അദ്ദേഹം നല്‍കിയിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഐശ്വര്യ റായ് ബച്ചന്‍, നരേന്ദ്ര മോദി എന്നിങ്ങനെ പോകുന്നു ആ പേരുകള്‍.
മാമ്പഴത്തിന്റെ വ്യത്യസ്ത ഇനങ്ങളെ സംരക്ഷിക്കുന്നതിനാലും ഹോര്‍ട്ടികള്‍ച്ചറിലുള്ള അദ്ദേഹത്തിന്റെ സംഭാവനയാലും അദ്ദേഹത്തിന് 2008 -ല്‍ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 'മാമ്പഴത്തെ പോലെ പ്രിയപ്പെട്ട ഒരു പഴം വളര്‍ത്തിയെടുക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ പവിത്രമായ ഒരു കാര്യമാണ്. ഓരോ മനുഷ്യനും നന്നായി പഴുത്ത ആ മാമ്പഴം കഴിക്കുന്നത് കാണുമ്പോള്‍ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. എന്റെ ലക്ഷ്യം ഈ ലോകത്തിന് അല്‍പം സന്തോഷവും മധുരവും നല്‍കുക എന്നതാണ്. അതിന് മാമ്പഴത്തേക്കാള്‍ മികച്ച മറ്റൊരു വഴിയില്ല എന്ന് ഞാന്‍ കരുതുന്നു' എന്ന് അദ്ദേഹം പറയുന്നു.