ഫിഫ അറബ് കപ്പ്; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു


 

ദോഹ: അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോക കപ്പിന് മുന്നോടിയായി ഖത്തറില്‍ സംഘടിപ്പിക്കുന്ന വമ്പന്‍ ഫുട്‌ബോള്‍ മമാങ്കമായ ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് ടിക്കറ്റ് ബുക്കിംഗ്. ബുക്കിംഗില്‍ വിസാ കാര്‍ഡ് കൈയിലുള്ളവര്‍ക്ക് ആദ്യഘട്ടത്തില്‍ മുന്‍ണന നല്‍കും. ആഗസ്ത് മൂന്ന് മുതല്‍ ആഗസ്ത് 17 വരെയാണ് വിസാ പ്രീസെയിലിന്റെ ആദ്യഘട്ടം. ഈ തീയതികള്‍ക്കുള്ളില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകള്‍ക്കും തുല്യ പരിഗണന ലഭിക്കും. ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ അനുവദിക്കപ്പെട്ട ടിക്കറ്റുകളേക്കാള്‍ കൂടുതലാണെങ്കില്‍ നറുക്കെടുപ്പിലൂടെ ടിക്കറ്റിന് അര്‍ഹരായവരെ തെരഞ്ഞെടുക്കും. സെപ്തംബര്‍ മധ്യത്തോടെ വിജയികള്‍ക്കും ഭാഗിക വിജയികള്‍ക്കും തീരെ ടിക്കറ്റ് കിട്ടാത്തവര്‍ക്കും അതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കും. സപ്തംബര്‍ 28ന് തുടങ്ങി ഒക്ടോബര്‍ 12 വരെ നീണ്ടുനില്‍ക്കുന്നതാണ് ടിക്കറ്റ് വില്‍പ്പനയുടെ രണ്ടാം ഘട്ടം. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ഈ ഘട്ടത്തില്‍ ടിക്കറ്റ് ലഭിക്കുക. അവസാന മിനിറ്റ് ടിക്കറ്റ് വില്‍പ്പന നവംബര്‍ 2ന് ആരംഭിച്ച് ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെ നീളും.

ഗ്രൂപ്പ് സ്റ്റേജില്‍ പ്രവാസികള്‍ക്ക് മാത്രമുള്ള കാറ്റഗറി നാലിലെ 25 റിയാലിന്റെ ടിക്കറ്റാണ് ഏറ്റവും ചെറിയ ടിക്കറ്റ്. ഫൈനല്‍ മല്‍സരത്തിന്റെ കാറ്റഗറി ഒന്നില്‍ 245 റിയാലാണ് ടിക്കറ്റ് നിരക്ക്. അതേസമയം ഓരോ കളികള്‍ക്കുമുള്ളതോ തെരഞ്ഞെടുക്കപ്പെട്ട ടീമുകളുടെ കളികള്‍ക്കുള്ളതോ ആയി ടിക്കറ്റുകള്‍ വാങ്ങാനുള്ള സൗകര്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ FIFA.com/tickets എന്ന ലിങ്കില്‍ ലഭ്യമാണ്. അറബ് രാജ്യങ്ങളില്‍ നിന്നുള്ള 16 ടീമുകളാണ് ഫിഫ അറബ് കപ്പ് മല്‍സരത്തില്‍ മാറ്റുരയ്ക്കുക. 

നവംബര്‍ 30ന് ഖത്തറും ബഹ്‌റൈനും തമ്മില്‍ അല്‍ബൈത്ത് സ്റ്റേഡിയത്തിലാണ് അറബ് കപ്പിന്റെ ഉദ്ഘാടന മല്‍സരം. ലോക കപ്പിനായി ഒരുക്കിയ ആറ് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ ഒരു ദിവസം തന്നെ ഒന്നിലേറെ മല്‍സരങ്ങള്‍ കാണാന്‍ കാണികള്‍ക്ക് അവസരമൊരുക്കും. ഫിഫ ലോകകപ്പ് ഫൈനല്‍ നടക്കുന്ന തീയതിയുടെ കൃത്യം ഒരു വര്‍ഷം മുമ്പ് ഡിസംബര്‍ 18ന് അല്‍ തുമാമ സ്റ്റേഡിയത്തിലാണ് അറബ് കപ്പ് ഫൈനലും അരങ്ങേറുക. റാസ് അബൂ അബൂദ്, അഹ്മദ് ബിന്‍ അലി, എജുക്കേഷന്‍ സിറ്റി, അല്‍ ജനൂബ് എന്നിവയാണ് മറ്റ് മത്സര വേദികള്‍. 16 ടീമുകള്‍ തമ്മില്‍ 19 ദിവസങ്ങള്‍ക്കിടെ 32 മല്‍സരങ്ങളില്‍ ഏറ്റുമുട്ടും.

അതേസമയം, കളിയാരാധകര്‍ക്ക് ഖത്തറിലേക്കും സ്റ്റേഡിയത്തിലേക്കും പ്രവേശിക്കുന്നതിന് അംഗീകരിക്കപ്പെട്ട ഫാന്‍ ഐഡി അപേക്ഷാ നമ്പര്‍ വേണം. ഖത്തറിലെത്തിയ ശേഷം ഫാന്‍ ഐഡി സര്‍വീസ് സെന്ററുകളില്‍ നിന്ന് ഫാന്‍ ഐഡി സ്മാര്‍ട്ട് കാര്‍ഡുകള്‍ ശേഖരിക്കാം. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. മല്‍സരത്തില്‍ പങ്കെടുക്കുന്നവരും കാണികളും ഖത്തര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കണം. സ്റ്റേഡിയങ്ങളില്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ ഫിഫ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും. അതേസമയം പൂര്‍ണമാവും വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media