ഗന്ധര്‍വ്വ സംഗീതത്തിന് 81;
ആശംസകളുമായി സംഗീത ലോകം
കോഴിക്കോട്: ഒരു ദിവസം പോലും യേശുദാസിന്റെ പാട്ടു കേള്‍ക്കാതെ ഒരു മലയാളിയും കടന്നു പോകില്ല. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസ്ലീമെന്നോ വിശ്വാസമില്ലാതെ തങ്ങളുടെ ദൈവത്തെ മലയാളി പ്രീതിപ്പെടുത്തുന്നത് യേശൂദാസിന്റെ ശബ്ദത്തിലൂടെയായിരിക്കും. മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും യേശുദാസിന്റെ പാട്ടുകള്‍ കൂട്ടിരിക്കും. പാട്ടെന്നാല്‍ മലയാളിയ്ക്ക് ആദ്യം യേശുദാസിന്റെ പാട്ടാണ്. ഒരു ഗായകന്‍ ഒരു സമൂഹത്തിലേക്ക് ഇത്രമേല്‍ ആഴത്തില്‍ വേരു പതിപ്പിച്ച കാഴ്ച മറ്റെവിടേയും കാണാനാകില്ല.
മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്, ഗാനന്ധര്‍വ്വന് ഇന്ന് പിറന്നാളാണ്. എണ്‍പത്തിയൊന്നിലെത്തി നില്‍ക്കുമ്പോഴും ആ ശബ്ദത്തിനൊരു ഇടര്‍ച്ചയോ വിള്ളലോ വീണിട്ടില്ല. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ദാസേട്ടന് സിനിമാലോകവും സംഗീത ആസ്വാദകരും ആശംസകള്‍ ചൊരിയുകയാണ്. സോഷ്യല്‍ മീഡിയയിലൂടേയും മറ്റും നിരവധി പേരാണ് പ്രിയഗായകന് ആശംസകളുമായി എത്തിയിരിക്കുന്നത്.്
കഴിഞ്ഞ 48 വര്‍ഷങ്ങളായി തന്റെ എല്ലാ പിറന്നാളിനും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എത്തിയിരുന്നു യേശുദാസ്. എന്നാല്‍ ഇത്തവണ കൊവിഡും ലോക്ക്ഡൗണും ചതിച്ചു. നിലവില്‍ അമേരിക്കയിലെ ഡാലസിലാണ് യേശുദാസുള്ളത്. എങ്കിലും ക്ഷേത്ര നടയില്‍ തന്റെ ശബ്ദം കൊണ്ട് യേശുദാസ് സാന്നിധ്യമറിയിക്കും. വെബ് കാസ്റ്റ് വഴി സംഗീതാര്‍ച്ചന നടത്താനാണ് യേശുദാസിന്റെ തീരുമാനം. ഇതിനായി സരസ്വതീമണ്ഡപത്തില്‍ പ്രത്യേക സ്‌ക്രീന്‍ സൗകര്യമൊരുക്കുന്നുണ്ട്.