വൈന്‍ രുചിക്കുന്നതിന് ശമ്പളം; ക്രിസ്മസ് വൈന്‍ ടേസ്റ്റര്‍മാരായി തൊഴിലവസരം
ക്രിസ്മസ് പടിവാതില്‍ക്കലെത്തി. പലരും വൈന്‍ നിര്‍മാണവും കേക്ക് നിര്‍മാണത്തിന് മുന്നോടിയായുള്ള കേക്ക് മിക്സിംഗുമെല്ലാമായി തിരക്കിലാണ്. ഈ പശ്ചാത്തലത്തില്‍ പുതിയ തൊഴിലവസരവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വൈന്‍ നിര്‍മാതാക്കളായ ഹൗസ് ഓഫ് ടൗണ്‍ എന്‍ഡ്. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വൈന്‍ ടെസ്റ്റര്‍മാരെ തെരയുകയാണ്.
പല തരം വൈന്‍ രുചിച്ച്, അവയുടെ സ്വാദ്, ഗന്ധം, ടെക്സ്ചര്‍ തുടങ്ങിയവയെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുകയാണ് വൈന്‍ ടേസ്റ്റര്‍മാരുടെ ജോലി. വൈനിനോട് അതിയായ താത്പര്യവും, പലതരം വൈന്‍ രുചികളെ കുറിച്ചുള്ള അറിവും വേണം. യു.കെയിലാകും ജോലി എന്നതുകൊണ്ട് തന്നെ ഭാഷാ പരിജ്ഞാനവും അനിവാര്യമാണ്.
ഒരു മാസത്തേക്കുള്ള കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് ജോലി. ജോലിയില്‍ പ്രവേശിച്ച് ആദ്യ രണ്ടാഴ്ചയ്ക്കകം തന്നെ ആറ് വിവിധ തരം റെഡ് വൈനുകള്‍ രുചിച്ച് അഭിപ്രായം രേഖപ്പെടുത്തണം. പിന്നീട് പല വിധ വൈനുകള്‍ അവയുടെ വിവിധ സ്വഭാവം, മെച്ചപ്പെടുത്തേണ്ട കാര്യങ്ങള്‍ എന്നിവ കൃത്യമായി പറഞ്ഞുകൊടുക്കണം.