കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തളളി. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവരാന്‍ ഇതിലൂടെ വഴിയൊരുങ്ങി. റിപ്പോര്‍ട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹര്‍ജി തള്ളി വിധി പ്രസ്താവിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിന് പിന്നാലെ സിനിമാ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി. ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നാലര വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒടുവില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവിടാന്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്.
സിനിമാരംഗത്തെ പ്രമുഖരുള്‍പ്പടെയുള്ളവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ അധിക്ഷേപങ്ങള്‍ ഉണ്ടെന്നും മറുഭാഗം കേള്‍ക്കാതെയുള്ള റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം തളളിയ ഹൈക്കോടതി ഹര്‍ജിയിലെ പൊതുതാല്‍പര്യം വ്യക്തമാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്നാണ് കണ്ടെത്തിയത്. ഹര്‍ജി നല്‍കിയ ആളെ റിപ്പോര്‍ട്ട് എങ്ങനെ ബാധിക്കുമെന്നും സ്ഥാപിക്കാനായില്ല. വ്യക്തികളുടെ സ്വകാര്യത പുറത്തുപോവാതിരിക്കാനുളള നിര്‍ദേശങ്ങള്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവില്‍ ഉണ്ടെന്നതും കോടതി പരാമര്‍ശിച്ചു.
കേസില്‍ വനിതാ കമ്മീഷനും ഡബ്യൂ സി സിയും കക്ഷി ചേര്‍ന്നിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നകാര്യം ആലോചിച്ചിട്ടില്ലെന്ന് നിര്‍മാതാവ് സജിമോന്‍ പാറയില്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവരുന്നത് തടയാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി സിനിമാരംഗത്തുനിന്നടക്കം ആരോപണം ഉയര്‍ന്നിരുന്നു.