അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും  ന്യൂനമര്‍ദം; കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ  തുടരും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. അറബിക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി ന്യൂനമാര്‍ദ്ദമായി മാറി. 17 വരെ വ്യാപക മഴയ്ക്കാണ് സാധ്യത. 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോര മേഖലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ മഴ കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഒഴിഞ്ഞ് പോയിട്ടുണ്ട്. മഴ കുറഞ്ഞതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി. 15 ക്യാമ്പുകളില്‍ രണ്ടെണ്ണം ഒഴികെ എല്ലാം പിരിച്ചുവിട്ടു. കോഴിക്കോട് താലൂക്കിലെ 12 ക്യാമ്പും കൊയിലാണ്ടി താലൂക്കിലെ ഒരു ക്യാമ്പുമാണ് പിരിച്ചുവിട്ടത്. നിലവില്‍ കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ ഒരു ക്യാമ്പും കച്ചേരി വില്ലേജില്‍ ചെറുകോത്ത് വയല്‍ അങ്കണവാടിയിലെ ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടിടങ്ങളിലുമായി 22 പേരുണ്ട്.

മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് . പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷന്‍ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കി. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്.

ഇടുക്കി അണക്കെട്ടിന്റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 2390.86 അടിയിലെത്തിയാല്‍ ആദ്യത്തെ ജാഗ്രത നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് നല്‍കണം. ഇതിന് ഒരടിയില്‍ താഴെ ജലനിരപ്പ് ഉയര്‍ന്നാല്‍ മതി. 2397.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് നല്‍കിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടണം. എന്നാല്‍ നിലവിലെ സാഹചര്യത്തി തുറന്നു വിടേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടല്‍. 85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media