കല്‍പ്പറ്റ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി സൂപ്രണ്ടിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വയനാട് കല്‍പ്പറ്റ സിജിഎസ്ടി സൂപ്രണ്ട് പര്‍വീന്തര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈക്കൂലി കേസില്‍ പിടിക്കുന്നത് സാധാരണ സിബിഐ ഉദ്യോഗസ്ഥരാണ്. എന്നാല്‍ ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെ വിജിലന്‍സ് കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തത്.
നേരത്തെ ഒരു കരാറുകാരന്‍ നികുതിയായി 9 ലക്ഷം രൂപ അടച്ചിരുന്നു. ഇയാളില്‍ നിന്ന് പത്ത് ലക്ഷം രൂപ അധികം അടയ്ക്കണമെന്ന് ജിഎസ്ടി വകുപ്പ് നോട്ടീസ് നല്‍കി. അത്രയും തുക അടയ്ക്കേണ്ടതില്ലെന്നായിരുന്നു കരാറുകാരന്റെ അവകാശ വാദം. ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കിയാല്‍ നികുതി കുറച്ച് തരാമെന്നായിരുന്നു സൂപ്രണ്ടിന്റെ നിലപാട്. ഇക്കാര്യം കരാറുകാരന്‍ വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ പണവുമായി ഇന്ന് പര്‍വീന്തര്‍ സിങിനെ കാണാന്‍ കരാറുകാരന്‍ എത്തി. കരാറുകാരന്റെ പക്കല്‍ നിന്ന് പണം പര്‍വീന്തര്‍ സിങ് കൈപ്പറ്റിയതിന് പിന്നാലെ ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.