പാലാ ബിഷപ്പിനെതിരെ കേസെടുക്കേണ്ടതില്ല'
മാഫിയകള്‍ക്ക് മതചിഹ്നം നല്‍കരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നാര്‍കോട്ടിക് ജിഹാദ് പമാര്‍ശത്തിന്റെ പേരില്‍ പാലാ ബിഷപ്പിനെതിരെ കേസെടുക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി മാഫിയ ലോകവ്യാപകായ പ്രതിഭാസമാണ്. എന്നാല്‍ അതിന് മത ചിഹ്നം നല്‍കേണ്ട കാര്യമില്ല. വിദ്വേഷ പ്രചാരകര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമുദായങ്ങള്‍ തമ്മില്‍ നല്ല രീതിയിലുള്ള യോജിപ്പുണ്ടാക്കിയെടുക്കുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാഫിയകളെ മാഫിയ ആയിത്തന്നെ കാണണമെന്നും, അതിന് മത ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും മതസ്പര്‍ധയുണ്ടാക്കാന്‍ വേണ്ടിയല്ല, മറിച്ച്, തങ്ങളുടെ സമുദായത്തിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഉദ്ദേശ്യമെന്നും സംഭവത്തെ കുറിച്ച് പാലാ ബിഷപ്പ് വ്യക്തമാക്കി കഴിഞ്ഞിട്ടുള്ള കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നാര്‍കോട്ടിക് മാഫിയ എന്നത് പണ്ടും കേട്ടിട്ടുള്ളതാണ്. എന്നാല്‍ നാര്‍കോട്ടിക് ജിഹാദ് എന്നത് മനസ്സിലാക്കാന്‍ പറ്റാത്ത കാര്യമാണ്. അത്തരം ഏതെങ്കിലും പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് എവിടെയും നടക്കുന്നില്ല. പുറംരാജ്യങ്ങളിലുള്ളതു പോലെ ഇവിടെ വലിയ മാഫിയകള്‍ ആയി ലഹരി സംഘങ്ങള്‍ വളര്‍ന്നിട്ടില്ല എന്നുള്ളതാണ് സത്യം. സര്‍ക്കാരുകളെക്കാള്‍ ശക്തരായ നാര്‍കോട്ടിക് മാഫിയകളെ പോലെ സംസ്ഥാനത്തോ രാജ്യത്തോ സംഘടിതമായി ഏതെങ്കിലും സംഘങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ ഇരു കൂട്ടരെയും സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ വിളിച്ചുവരുത്തി സര്‍വ്വകക്ഷി യോഗം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദ്വേഷ പ്രചാരണം നടത്തിയാല്‍ ചര്‍ച്ചയുണ്ടാവില്ല കര്‍ശന നടപടിയാണ് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.സമുദായത്തിന്റെ ഉന്നമനത്തിനായി മതമേലധ്യക്ഷന്‍മാര്‍ ശ്രമിക്കും. അവര്‍ അവരോട് തന്നെ സംസാരിക്കും, അതില്‍ തെറ്റില്ല. ഇവിടെ സമുദായത്തോട് അവര്‍ സ്വന്തം കാര്യങ്ങള്‍ പറയുമ്പോള്‍ മറ്റു സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന നിലയുണ്ടാവരുത്. അത് മാത്രമാണ് ഇവിടെ വിവാദ വിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു.