സ്ത്രീകള്‍ക്ക് പ്രത്യേക വായ്പാ പദ്ധതികളുമായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ട വനിതകള്‍ക്കായി പ്രത്യേക വായ്പാ പദ്ധതികള്‍. ഇതിലൂടെ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. ക്രെഡിറ്റ് ലൈന്‍ ഒന്ന് പ്രകാരം കുടുംബ വരുമാനം ഗ്രാമപ്രദേശത്ത് 98,000 രൂപയും പട്ടണ പ്രദേശത്ത് 1,20,000 രൂപയും അധികരിക്കരുത്. ക്രെഡിറ്റ് ലൈന്‍ രണ്ട് പ്രകാരം 30 ലക്ഷം വരെ വായ്പയായി അനുവദിക്കും. ഇതിന് കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപ വകെ ആകാവുന്നതാണ്. മതന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട വനിതാ സംരഭകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പലിശനിരക്ക് 6 ശതമാനമാണ്.പ്രായം 18 നും 55 നും ഇടയില്‍.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് പദ്ധതിച്ചെലവിന്റെ 85 ശതമാനം പരമാവധി പത്ത് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പിന്നാക്ക സമുദായത്തില്‍പ്പെട്ട വനിതാ സംരഭകര്‍ക്ക് അര്‍ഹത. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപ വരെ ആകാം. പ്രായം 18 നും 35 നും ഇടയില്‍. 5 ലക്ഷം രൂപ വരെ 6 ശതമാനം പലിശയ്ക്കും അതിനുമുകളില്‍ 8 ശതമാനം പലിശയ്ക്കുമാണ് വായ്പ അനുവദിക്കുക.
പട്ടിക ജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് 3 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് വായ്പ അനുവദിക്കുക. ആറ് ശതമാനാണ് വാര്‍ഷിക പലിശ. 60 തുല്യമാസ തവണകളായി തിരിച്ചടയ്ക്കണം. പ്രായം 18-55. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം വരെ.
മുന്നാക്ക സമുദായത്തിലെ സ്ത്രീ സംരംഭകര്‍ക്ക് 3 ലക്ഷം രൂപ വരെയാണ് വായ്പയായി അനുവദിക്കുക. വാര്‍ഷിക വരുമാനം ഗ്രാമപ്രദേശത്ത് 81,000 രൂപയും പട്ടണ പ്രദേശത്ത് 1,03,000 രൂപയും അധികരിക്കരുത്. പ്രായം 18 നും 55 നും ഇടയില്‍. അഞ്ച് ശതമാനം സംരംഭകയുടെ വിഹിതവും പലിശ 6 ശതമാനവും.
ഇതിന് പുറമേ, വിദ്യാഭ്യാസ വായ്പകളും മൈക്രോഫിനാന്‍സ് വായ്പകളും നിബന്ധകള്‍ക്ക് വിധേയമായി കോര്‍പ്പറേഷന്‍ നല്‍കി വരുന്നുണ്ട്. അതേസമയം കോര്‍പ്പറേഷനില്‍ നിന്ന് വായ്പ ലഭിക്കുന്നതിന് ജാമ്യം നിര്‍ബന്ധമാണ്. ഉദ്യോഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ നല്‍കണം. വായ്പ ലഭിക്കാന്‍ എളുപ്പം ഉദ്യോഗസ്ഥ ജാമ്യമാണ്. വായ്പയ്ക്കുള്ള അപേക്ഷ ഫോറം കോര്‍പ്പറേഷന്റെ ജില്ല മേഖല ഒഫീസുകളില്‍ നിന്നോ വെബ് സൈറ്റില്‍ നിന്നോ ലഭിക്കും.