മുഖം മാറ്റി റെയില്‍വെ ; രണ്ട് വര്‍ഷത്തിനകം 75 സെമി ഹൈസ്പീഡ് ട്രെയിനുകള്‍
 


ദില്ലി:: രണ്ട് വര്‍ഷത്തിനകം രാജ്യത്തെ വിവിധ റൂട്ടുകളില്‍ 75 പുതിയ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങാനുള്ള നീക്കത്തില്‍ റെയില്‍വേ. ശരാശരി 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ യാത്ര സാധ്യമാകുന്നതോടെ രാജ്യത്തെ ട്രെയിന്‍ യാത്രയുടെ മുഖം മാറ്റാനാകുമെന്നും ബജറ്റ് വിമാനയാത്രക്കാരെക്കൂടി റെയില്‍വേയിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നുമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. സ്വാതന്ത്രദിനപ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്.

എല്ലാ സംസ്ഥാനങ്ങളും വന്ദേ ഭാരത് ശൃംഖലയുടെ ഭാഗമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ കേരളത്തിനും പ്രതീക്ഷയ്ക്ക് വകയുണ്ട്. എന്നാല്‍ ഏതെല്ലാം റൂട്ടുകളിലായിരിക്കും ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തുകയെന്നോ ടിക്കറ്റ് നിരക്ക് എങ്ങനെയായിരിക്കുമെന്നോ വ്യക്തതയില്ല. വിമാനങ്ങളുടേതിനു തുല്യമായ സൗകര്യങ്ങളോടു കൂടി പൂര്‍ണമായും ശീതീകരിച്ച കോച്ചുകളാണ് വന്ദേ ഭാരത് ട്രെയിനുകളിലുള്ളത്. ഉയര്‍ന്ന വേഗത്തിനു പുറമെ യാത്രക്കാരുടെ സൗകര്യത്തിനായി മിനി പാന്‍ട്രി അടക്കം മികച്ച സൗകര്യങ്ങള്‍ വേറെയുമുണ്ടാകും. തനിയെ അടയുകയും തുറക്കുകയും ചെയ്യുന്ന വാതിലുകള്‍, കാറ്റും പൊടിയും കടക്കാത്ത സീല്‍ ചെയ്ത ഇടനാഴികള്‍, ബയോ വാക്വം ടോയ്ലെറ്റുകള്‍ എന്നിങ്ങനെ നിരവധി പുതുമകള്‍ ട്രെയിനുകള്‍ക്കുണ്ടാകും. 2022 മാര്‍ച്ചില്‍ പുതിയ ട്രെയിനുകളുടെ പ്രോട്ടോടൈപ്പുകള്‍ തയ്യാറാകും.


സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്ന സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാത യാഥാര്‍ഥ്യമാകുന്നതിനു മൂന്നു വര്‍ഷം മുന്‍പേ വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നതു ശ്രദ്ധേയമാണ്. അധികമായി ഭൂമി ഏറ്റെടുക്കലോ കടമെടുപ്പോ ഇല്ലാതെ തന്നെ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. അന്തര്‍സംസ്ഥാന യാത്രകളും സാധ്യമാകുമെന്ന മെച്ചവുമുണ്ട്.

ഇതിനോടകം രണ്ട് റൂട്ടുകളില്‍ റെയില്‍വേ തദ്ദേശീയമായി വികസിപ്പിച്ച പുത്തന്‍ വന്ദേ ഭാരത് കോച്ചുകളുപയോഗിച്ച് സര്‍വീസ് നടത്തുന്നുണ്ട്. പ്രത്യേക എന്‍ജിന്റെ സഹായമില്ലാതെ കോച്ചുകളില്‍ തന്നെ സ്ഥാപിച്ച ഇലക്ട്രിക് മോട്ടറുകളുടെ സഹായത്തോടെയാണ് ട്രെയിന്‍ ഓടുന്നത്. അതുകൊണ്ടു തന്നെ പെട്ടെന്നു വേഗമാര്‍ജിക്കാനും മെച്ചപ്പെട്ട നിയന്ത്രണം ഉറപ്പാക്കാനും സാധിക്കും. റെയില്‍വേയ്ക്ക് ഏറെ ലാഭം നല്‍കുന്ന എസി ചെയര്‍ കാര്‍, തേഡ് എസി കോച്ചുകളിടെ യാത്രക്കാരായിരിക്കും പുതിയ ട്രെയിനുകളുടെ ഉപഭോക്താക്കള്‍.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എസി ടിക്കറ്റുകള്‍ക്ക് ആവശ്യക്കാരേറുന്നുണ്ട്. കൂടാതെ പ്രധാന റൂട്ടുകളെല്ലാം 160 കിലോമീറ്റര്‍ വേഗത്തിലേയ്ക്ക് നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമം റെയില്‍വേ തുടരുകയാണ്. ഇതിനൊപ്പമാണ് പൂര്‍ണമായും ശീതീകരിച്ച പുതിയ ട്രെയിനുകളുടെ വരവ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media