ദില്ലി: രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കൊവിഡ് (Covid) കേസുകള്‍ വീണ്ടും കൂടുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറില്‍ 2380 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 കൊവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. രാജ്യതലസ്ഥാനത്ത് ഇന്നലെ 1,009 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 10-ന് 1,104 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ദില്ലിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണിത്. പോസിറ്റീവ് നിരക്ക് 5.7 ശതമാനമായി ഉയര്‍ന്നു.
കൊവിഡ് കേസുകളില്‍ ആഴ്ചകളോളം ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ദില്ലി വീണ്ടും കൊവിഡ് ഭീതിയിലേക്ക് നീങ്ങുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 11നും 18നും ഇടയില്‍ പോസിറ്റിവിറ്റി നിരക്ക് ഏകദേശം മൂന്നിരട്ടിയോളം വര്‍ധിച്ചു. കൊവിഡ് വ്യാപനം ശക്തിപ്പെട്ടെങ്കിലും രോഗബാധിതരില്‍ മൂന്ന് ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുള്ളത്. അതിനിടെ ദില്ലിയില്‍ മാസ്‌ക് ഉപയോഗം വീണ്ടും കര്‍ശനമാക്കി. മാസ്‌ക് ഉപയോഗിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാന്‍ ഇന്നലെ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. പരിശോധനയും വാക്‌സിനേഷനും കൂട്ടാനും യോഗത്തില്‍ നിര്‍ദേശമുണ്ട്. എന്നാല്‍ സ്‌കൂളുകള്‍ തത്ക്കാലം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറില്ല. ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന, മിസോറാം സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാന്‍ ആരോഗ്യ മന്ത്രാലയം ഈ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.