ബിറ്റ്കോയിന്‍ കറന്‍സിയായി അംഗീകരിക്കില്ല
ന്യൂഡല്‍ഹി: രാജ്യത്ത് ബിറ്റ്കോയിന്‍ കറന്‍സിയായി അംഗീകരിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബിറ്റ്കോയിന്‍ ഇടപാടുകളെക്കുറിച്ചുള്ളവിവരങ്ങള്‍ നിലവില്‍ ശേഖരിക്കുന്നില്ലെന്നും ലോക്സഭയില്‍ മറുപടിയായി ധനമന്ത്രി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 അവതരിപ്പിക്കുമെന്നും
സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബ്ലോക്ക്ചെയിന്‍ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചില ക്രിപറ്റോകറന്‍സികള്‍ ഒഴികെയുള്ളവ നിരോധിച്ചേക്കുമെന്നാണ് സൂചന. ബില്‍ പ്രകാരം ആര്‍ബിഐയുടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിയും അവതരിപ്പിക്കും.
ലോകത്തെ ആദ്യത്തെ വിദേന്ദ്രീകൃത ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്കോയിന്‍. കഴിഞ്ഞ സെപ്റ്റംബറില്‍ മധ്യഅമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോര്‍ ബിറ്റ്കോയിന് അംഗീകാരം നല്‍കിയിരുന്നു. ലോകത്ത് ഇതാദ്യമായാണ് ഒരു രാജ്യം ക്രിപ്റ്റോകറന്‍സിക്ക് നിയമസാധുത നല്‍കുന്നത്.