മധുര: സിപിഎമ്മിനെ ഇനി എം എ ബേബി നയിക്കും. സിപിഎം ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ പ്രഖ്യാപിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തില്‍ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി. പിബി പാനലിനും അംഗീകാരമായി. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. കേരളത്തില്‍ നിന്നുള്ള ജോണ്‍ ബ്രിട്ടാസ് അടക്കം നാല് പേര്‍ കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളാവും. അതേസമയം, പാനലിനെതിരെ മത്സരിച്ച് ഡി എല്‍ കരാഡ് തോറ്റു. 31 വോട്ടുകളാണ് ഡി എല്‍ കരാഡിന് ലഭിച്ചത്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയില്‍ എതിര്‍പ്പ് ഉയര്‍ത്തിയാണ് കരാഡ് മത്സരിച്ചത്. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കരാഡ് തൊഴിലാളി വര്‍ഗ സമരത്തിന്റെ നേതൃ മുഖം കൂടിയാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ മത്സരിക്കുക മാത്രമല്ല, പരസ്യമായി പ്രതികരിക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. തൊഴിലാളി വര്‍ഗ്ഗത്തെ അവഗണിച്ചതുകൊണ്ടാണ് താന്‍ മത്സരിച്ചതെന്നുമാണ് കരാട് പരസ്യമായി പ്രതികരിച്ചത്. വോട്ടിംഗ് നടന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു. പാര്‍ട്ടിയില്‍ ജനാധിപത്യം ഉറപ്പിക്കാനായിരുന്നു മത്സരമെന്നും കരാട് വോട്ടെടുപ്പിനു ശേഷം ഹാളില്‍ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
1980 മുതല്‍ 92 വരെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തില്‍ നിന്നും സി പി എമ്മിനെ നയിക്കാന്‍ എത്തുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ പിണറായി വിജയന്‍, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയിലെത്തി.