തൃശൂര്‍: സദാചാര ഗുണ്ടകള്‍ തിരുവാണിക്കാവില്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിച്ച ബസ് ഡ്രൈവര്‍ മരിച്ചു. ചേര്‍പ്പ് സ്വദേശിയായ സഹറാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സഹറിന്റെ മരണം. ഫെബ്രുവരി 18ന് അര്‍ധരാത്രിയായിരുന്നു സംഭവം. സഹറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ആറു പേരും ഇപ്പോഴും ഒളിവിലാണ്. സഹര്‍ അവിവാഹിതനായിരുന്നു.
തൃശൂര്‍ - തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു മുപ്പത്തിരണ്ടുകാരനായ സഹര്‍. പ്രവാസി മലയാളിയുടെ ഭാര്യയായിരുന്നു സഹറിന്റെ സുഹൃത്തെന്ന് പൊലീസ് പറയുന്നു. അര്‍ധരാത്രി ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് സഹര്‍ ഇവരുടെ വീട്ടിലെത്തിയത്.
ഇതിനിടെ, വനിതാ സുഹൃത്തിന്റെ വീട്ടില്‍ അര്‍ധരാത്രി ചെന്നത് ചോദ്യംചെയ്യാന്‍ സദാചാര ഗുണ്ടകള്‍ എത്തുകയായിരുന്നു. അതേസമയം, ഇവര്‍ വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്നുവെന്നും പറയുന്നു. സഹറിനെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കിയ ഇവര്‍ മര്‍ദ്ദിച്ചവശനാക്കി. കടുത്ത മര്‍ദ്ദനത്തില്‍ സഹറിന്റെ വൃക്കകള്‍ തകരാറിലായി. വാരിയെല്ലിന് ഗുരുതരമായി ക്ഷതമേറ്റു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞ മര്‍ദ്ദനദൃശ്യങ്ങള്‍ പൊലീസ് തെളിവായി ശേഖരിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ്. പ്രതികളില്‍ ഒരാള്‍
രാജ്യം വിട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.