ദില്ലി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. ഉത്സവ സീസണ്‍ ആരംഭിക്കാന്‍ നാളുകള്‍ ശേഷിക്കവേയാണ് ആഭ്യന്തര റൂട്ടുകളില്‍ പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം ആണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. പത്ത് മാസത്തോളം ടാറ്റയ്ക്ക് കീഴില്‍ നിരവധി മാറ്റങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ വിധേയമാക്കിയിരിക്കുന്നത്. ആഭ്യന്തര വ്യോമയാന മേഖലയില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ മെനുവില്‍, രുചികരമായ ഭക്ഷണങ്ങള്‍ ആണ് അണിനിരത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രാദേശിക വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് തരത്തിലുള്ള ഡെസേര്‍ട്ടും മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്കായി പുതിയ മെനു അവതരിപ്പിക്കുന്നതില്‍ വളരെയധികം സന്തുഷ്ടരാണെന്നും യാത്രക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കി രുചികരമായ ഭക്ഷണം ഉറപ്പാക്കുമെന്നും എയര്‍ ഇന്ത്യയുടെ ഇന്‍ഫ്ളൈറ്റ് സര്‍വീസസ് മേധാവി സന്ദീപ് വര്‍മ ??പറഞ്ഞു. അന്താരാഷ്ട്ര മെനുവും താമസിയാതെ പരിഷ്‌കരിക്കുമെന്നും ഈ പുതിയ മെനു ആഭ്യന്തര റൂട്ടുകളില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യവല്‍ക്കരണത്തിന് ശേഷമുള്ള ആദ്യ മാസങ്ങളില്‍ 150 കോടിയിലധികം രൂപയാണ് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ റീഫണ്ട് ചെയ്തത്. ജനുവരി 27-ന് ടാറ്റയുടെ കൈകളിലേക്ക് തിരിച്ചെത്തിയ എയര്‍ ഇന്ത്യ അന്നുമുതല്‍, മുടങ്ങിയ യാത്രകളുടെ റീഫണ്ടുകള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള ഇളവുകള്‍ എയര്‍ ഇന്ത്യ വെട്ടികുറച്ചിരുന്നു. 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് ഇളവുകള്‍ വെട്ടിക്കുറച്ചത്. അടിസ്ഥാന നിരക്കുകളിലെ പുതുക്കിയ ഇളവ് സെപ്റ്റംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്നു.