കോഴിക്കോട്: അസുഖങ്ങള്‍ കൊണ്ടും അപകടങ്ങള്‍ കൊണ്ടും ശരീരത്തിന്റെ ചലനവും, ജീവിതത്തിലെ സന്തോഷവും നഷ്ടപ്പെട്ടവര്‍ക്ക് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ച് പോക്കിന് സാധ്യമാകുന്ന കേരളത്തിലെ ഏറ്റവും മികച്ച എഐ-വിആര്‍ സൗകര്യങ്ങളോടെയുള്ള പി.എം.ആര്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. നവീകരിച്ച പി.എം.ആര്‍ വിഭാഗത്തിന്റെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എംപി നിര്‍വ്വഹിച്ചു. അത്യാധുനിക സജ്ജീകരങ്ങളുള്ള ആശുപത്രികളില്‍ ഇത്തരം വിഭാഗങ്ങളുടെ പ്രവര്‍ത്തനവുംകൂടി വരുന്നതോടെ രോഗികള്‍ക്ക് അത് കൂടുതല്‍ ആശ്വാസം നല്‍കുന്നതിനും വേഗത്തില്‍ രോഗമുക്തി നേടുന്നതിനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. അത്യാധുനിക സംവിധാനത്തോടെ തയ്യാറാക്കിയ യൂണിറ്റിലൂടെ രോഗികളെ അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ സ്വയം നിറവേറ്റാന്‍ പ്രാപ്തരാക്കുകയും, ജീവിത നിലവാരം മെച്ചപ്പെടുത്തി, ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ പ്രാപ്തമാകുകയും ചെയ്യും. ഫിസിയാട്രിസ്റ്റ് (റിഹാബിലിറ്റേഷന്‍ വിദഗ്ദ്ധന്‍), ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, പ്രോസ്തറ്റിസ്റ്റ്, ഓര്‍ത്തോട്ടിസ്റ്റ്, റിഹാബിലിറ്റേഷന്‍ നഴ്സുമാര്‍, സൈക്കോളജിസ്റ്റ്, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ ടീമിലുടെ പി.എം.ആറി ന്റെ പ്രവര്‍ത്തനം നടക്കുന്നത്. ന്യൂറോ, പെയ്ന്‍, അംപ്യൂട്ടേഷന്‍ , ഓങ്കോ / ക്യാന്‍സര്‍ , ജെറിയാട്രിക് , സ്‌പോര്‍ട്ട് ഇഞ്ചുറി,റൂമറ്റോളജി, മസ്‌കുലോസ്‌കെലിറ്റല്‍ റീഹാബിലിറ്റേഷന്‍ തുടങ്ങി എല്ലാവിധ പുനരധിവാസ മേഖലകളും ഉള്‍ക്കൊള്ളുന്നതാണ് നവീകരിച്ച പിഎംആര്‍ വിഭാഗമെന്ന് ആസ്റ്റര്‍ മിംസ് സിഒഒ ലുഖ്മാന്‍ പൊന്‍മാടത്ത് പറഞ്ഞു. ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക, ആസ്റ്റര്‍മിംസ് സിഎംഎസ് ഡോ.അബ്രഹാം മാമന്‍, ഡെ.സിഎംഎസ് ഡോ. നൗഫല്‍ ബഷീര്‍, പിഎംആര്‍ വിഭാഗം മേധാവി ഡോ. ആയിഷ റുബീന കെ പി തുടങ്ങിയവര്‍ പങ്കെടുത്തു.