വാക്സിനേഷന്‍ പൂര്‍ത്തിയായാല്‍ ഇന്ത്യന്‍
സാമ്പത്തിക രംഗം ഉണരും: അഷിമ ഗോയല്‍
ദില്ലി: കൊറോണ വാക്സിനേഷന്‍ വലിയൊരളവില്‍ പൂര്‍ത്തിയായാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന് ആര്‍ബിഐ ധനനയ കമ്മിറ്റി അംഗം അഷിമ ഗോയല്‍. ജനങ്ങള്‍ക്ക് ആശങ്ക അകലുകയും വിപണികള്‍ സജീവമാകുകയും ചെയ്താല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം ശക്തിപ്പെടുമെന്ന ആത്മവിശ്വാസമാണ് അവര്‍ പ്രകടിപ്പിച്ചത്. രണ്ടാം കൊവിഡ് വ്യാപനം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാരണം സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി വളരെ ചെറുതാണ്. വാക്സിന്‍ നിര്‍മാണ രംഗത്ത് പുരോഗതി കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. വലിയൊരു വിഭാഗം ജനങ്ങളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുക കൂടി ചെയ്താല്‍ രാജ്യം വളര്‍ച്ചയിലേക്ക് എത്തുമെന്നും ഗോയല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
സംസ്ഥാന തലത്തിലാണ് ഇത്തവണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊറോണയുടെ ആദ്യ വ്യാപനമുണ്ടായപ്പോള്‍ ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അത് വലിയ തിരിച്ചടിക്ക് ഇടയാക്കി. മാത്രമല്ല വിമര്‍ശനവും ഉയര്‍ന്നു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് രണ്ടാം വ്യാപന വേളയില്‍ പ്രാദേശികമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇത് പ്രകാരം കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലാണ്. മെയ് 23 വരെയാണ് കേരളത്തില്‍ ലോക്ക്ഡൗണ്‍. പ്രാദേശികമായുള്ള ലോക്ക്ഡൗണ്‍ നീക്കുന്നതോടെ വിപണികള്‍ സജീവമാകുമെന്ന പ്രതീക്ഷയാണ് അഷിമ ഗോയല്‍ പ്രകടിപ്പിക്കുന്നത്.
രണ്ടാം കൊറോണ വ്യാപനം ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് കടുത്ത ആഘാതമുണ്ടാക്കുമെന്ന് നേരത്തെ ചില പ്രവചനങ്ങളുണ്ടായിരുന്നു. ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാ നിരക്ക് 9.8 ശതമാനമാക്കി കുറച്ചിരിക്കുകയാണ് റേറ്റിങ് ഏജന്‍സിയായ എസ്ആന്‍പി. എന്നാല്‍ മറ്റൊരു റേറ്റിങ് ഏജന്‍സിയായ ഫിറ്റ്ച്ച് ഇന്ത്യയുടെ ജിഡിപിയില്‍ വൈകാതെ ഉണര്‍വുണ്ടാകുമെന്നണ് പ്രവചിച്ചിരിക്കുന്നത്.