കൊച്ചി: നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ഹൈക്കോടതി. മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ടതില്ല എന്ന് വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാന്‍ നിര്‍ദേശിച്ചത്. ഉത്തരവ് കിട്ട് രണ്ട് ദിവസത്തിനകം സംസ്ഥാന ഫൊറന്‍സിക് ലാബിലേക്ക് മെമ്മറി കാര്‍ഡ് അയക്കണം. ഏഴ് ദിവസത്തിനുള്ള പരിശോധനാഫലം കോടതിക്ക് കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സീല്‍ വച്ച കവറിലാണ് പരിശോധനാഫലം കോടതിക്ക് കൈമാറേണ്ടതെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസാണ് കേസില്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതിയുടെ കസ്റ്റഡിയിലെത്തിയ ശേഷമാണ് ഹാഷ് വാല്യുവിന് മാറ്റം വന്നതെങ്കില്‍ അത് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ല. എന്നിരുന്നാലും ഹാഷ് വാല്യു മാറിയെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെടുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് അയക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം വിചാരണയോ തുടരന്വേഷണമോ ഇക്കാര്യത്താല്‍ നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ചിട്ടുള്ള സമയം.
കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ആരോ പരിശോധിച്ചു എന്ന് വ്യക്തമായതോടെ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നോ എന്ന് പരിശോധിക്കണമെന്നും ഇതിനായി ശാസ്ത്രീയ പരിശോധന വേണമെന്നും ആയിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതി തള്ളുകയായിരുന്നു. ഇതേതുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.