പോത്തന്‍കോട് കൊലപാതകം; മുഖ്യപ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവരാണ് പിടിയിലായത്. പിടിയിലായ മിഠായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ സഹോദരനാണ്. രണ്ടാം പ്രതിയായ ഒട്ടകം രാജേഷിനെയാണ് ഇനി പിടികൂടാനുള്ളത്.
കേസില്‍ അഞ്ച് പ്രതികളെക്കൂടി ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കൊലപാതകത്തില്‍ പങ്കെടുത്ത 11 അംഗ ഗുണ്ടാ സംഘത്തിലെ കോരാണി തോന്നയ്ക്കല്‍ കുഴിത്തോപ്പ് വീട്ടില്‍ ജിഷ്ണു (22, കട്ട ഉണ്ണി), കോരാണി വൈഎംഎ ജങ്ഷന്‍ വിഷ്ണുഭവനില്‍ സൂരജ് (23, വിഷ്ണു), ചെമ്പൂര് കുളക്കോട് പുത്തന്‍ വീട്ടില്‍ സച്ചിന്‍ (24), കുടവൂര്‍ കട്ടിയാട് കല്ലുവെട്ടാന്‍കുഴി വീട്ടില്‍ അരുണ്‍ (23, ഡമ്മി), പിരപ്പന്‍കോട് തൈക്കാട് മുളക്കുന്ന് ലക്ഷം വീട്ടില്‍ ശ്രീനാഥ് (21, നന്ദു) എന്നിവരെയാണ് ചൊവ്വാഴ്ച റിമാന്‍ഡ് ചെയ്തത്.
നന്ദീഷ്, നിധീഷ്, രഞ്ജിത് എന്നിവരെ തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു. ഇതോടെ റിമാന്‍ഡിലായവര്‍ എട്ടായി. അതിനിടെ പ്രതികള്‍ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ വെഞ്ഞാറമൂട് മൂളയാറിന്റെ പരിസരത്തുനിന്നും പാെലീസ് കണ്ടെടുത്തു