കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തെ സജീവമാക്കുന്നതിനായി ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. എല്ലാ കണ്ണുകളും ബെയ്‌ലി പാലത്തിന്റെ നിര്‍മാണത്തിലേക്കാണ്. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേനയിലെ (ഡിഎസ്സി) ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് നിര്‍മ്മാണ ബെയ്‌ലി പാലത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 17 ട്രക്കുകളിലായാണ് പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്. എന്നാല്‍ എന്താണ് ഈ ബെയ്‌ലി പാലം. എന്താണ് അതിന്റെ ചരിത്രം. അതൊന്ന് അറിഞ്ഞിരിക്കേണ്ടേ?ബ്രിട്ടീഷുകാരന്റെ കണ്ടുപിടുത്തമാണിത്. ഈ പാലം ലോകമെങ്ങുമുള്ള ദുരിതബാധിത മേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ന് വഹിക്കുന്ന പങ്ക് വളരെ വലുതുമാണ്.
1942 -ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷുകാരനായ ഡൊണാള്‍ഡ് ബെയ്‌ലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ പേരിലാണ് ഇന്നും ഈ പാലങ്ങള്‍ അറിയപ്പെടുന്നത്. പാലങ്ങള്‍ നിര്‍മ്മിക്കുന്നത് അദ്ദേഹത്തിന് ഒരു വിനോദം പോലെയായിരുന്നു. പലതരത്തിലുള്ള പാലത്തിന്റെ മാതൃകകള്‍ അദ്ദേഹം നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്നു. അത്തരത്തില്‍ നിര്‍മ്മിച്ച ഒരു പാലത്തിന്റെ മാതൃക അദ്ദേഹം തന്റെ മേലുദ്യോഗസ്ഥനെ കാണിച്ചു. പാലത്തിന്റെ ഉപയോഗക്ഷമത മനസ്സിലാക്കിയ ആ മേലുദ്യോഗസ്ഥന്‍ പാലം നിര്‍മ്മിക്കാന്‍ അനുമതി നല്‍കി. തുടര്‍ന്ന് പലതരത്തില്‍ ഈ പാലം നിര്‍മ്മിച്ചു പരീക്ഷിച്ചു.
താങ്ങുപാലം, ആര്‍ച്ചു പാലം, പരന്ന ട്രസ്സ് പാലം എന്നിങ്ങനെ പല രൂപത്തിലും അന്ന് പാലം ഉണ്ടാക്കി നോക്കി, ഉപയോഗക്ഷമത പരിശോധിച്ചിരുന്നു. ആവോണ്‍ നദിക്കും സ്റ്റൗര്‍ നദിക്കും അടുത്തുള്ള ചതുപ്പു പ്രദേശത്തെ (സ്റ്റാന്‍പിറ്റ് ചതുപ്പുകള്‍) കുറുകെ മുറിക്കുന്ന മതര്‍ സില്ലേഴ്‌സ് ചാനലിന് മുകളിലൂടെയാണ് ആദ്യമായി ഈ പാലം നിര്‍മ്മിച്ചത്. ഇന്നും അവിടെ ഒരു പ്രവര്‍ത്തനക്ഷമമായ പാലമായി ഇത് പ്രവര്‍ത്തിക്കുന്നു. അങ്ങനെ അനേകം പരീക്ഷണ നിര്‍മ്മാണങ്ങള്‍ക്കും ഉപയോഗത്തിനും ശേഷം ഇത്, കോര്‍പ്‌സ് ഓഫ് റോയല്‍ മിലിട്ടറി എഞ്ചിനീയേഴ്‌സിനായി നല്‍കി. ശേഷം 1942 -ല്‍ ഉത്തര ആഫ്രിക്കയില്‍ ബ്രിട്ടീഷ് സൈന്യത്തിനായി ഈ പാലം ആദ്യമായി നിര്‍മ്മിച്ചു. 1944 ആയപ്പോഴേക്കും ഇത്തരം പാലങ്ങള്‍ കൂടുതലായി നിര്‍മ്മിച്ച് തുടങ്ങി. ഇതിനിടെ പാലത്തിന്റെ നിര്‍മ്മാണത്തിനായി യുഎസ് സര്‍ക്കാരും അനുമതി നല്‍കി. അവര്‍ അവരുടേതായ രൂപകല്പനയാണ് പാലം നിര്‍മ്മാണത്തിനായി പിന്തുടര്‍ന്നത്.
മുന്‍കൂട്ടി നിര്‍മ്മിക്കപ്പെട്ട ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ച് എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്നതും അതുപോലെതന്നെ എടുത്തു മാറ്റാവുന്ന തരത്തിലുള്ള താല്‍ക്കാലിക പാലമാണ് ബെയ്‌ലി പാലം. ഉരുക്കും തടിയുമാണ് പാലത്തിന്റെ പ്രധാന ഘടകങ്ങള്‍. മുമ്പുതന്നെ നിര്‍മ്മിച്ചു വച്ച ഭാഗങ്ങള്‍ എവിടെയാണോ പാലം ആവശ്യമായുള്ളത് അവിടേയ്ക്ക് എത്തിച്ച് കൂട്ടിച്ചേര്‍ത്താണ് ഇത് നിര്‍മ്മിക്കുന്നത്. വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തര ഘട്ടങ്ങളിലാണ് ഇവ പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടണ്‍, ക്ലാസ് 70 ടണ്‍ വിഭാഗങ്ങളിലുള്ള പാലങ്ങളാണ് സാധാരണ നിര്‍മ്മിക്കുന്നത്. ബ്രിട്ടിഷ്, കനേഡിയന്‍, അമേരിക്കന്‍ കരസേനയാണിന്ന് ഇത്തരം പാലങ്ങള്‍ കൂടുതലായും ഉപയോഗിക്കുന്നത്
ഇവ നിര്‍മ്മിക്കാന്‍ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേര്‍ക്കാന്‍ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും സ്റ്റീല്‍ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചെറുഭാഗങ്ങള്‍ ഭാരം കുറഞ്ഞതും ചെറുതുമായതിനാല്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് ട്രക്കില്‍ കൊണ്ടുപോകാന്‍ പ്രയാസമുണ്ടാകുന്നില്ല. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാല്‍ കൈ കൊണ്ടുതന്നെ ഇവ പരസ്പരം ഘടിപ്പിക്കാനാകും. ക്രെയിനിന്റെ ആവശ്യം വരുന്നില്ല. ഇവ നല്ല ഉറപ്പുള്ളതാണ്. ടണ്‍ കണക്കിന് ഭരമുള്ള വലിയ യുദ്ധ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാനാകും.
1996 നവംബര്‍ എട്ടിന് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്ക് കുറുകെയാണ് ആദ്യമായി ബെയ്‌ലി പാലം നിര്‍മ്മിച്ചത്. പമ്പാ നദിക്ക് കുറുകെയുള്ള, 36 വര്‍ഷം പഴക്കമുള്ള റാന്നി പാലം തകര്‍ന്നപ്പോഴാണ് അതിന് പകരം ഇത്തരം താത്കാലിക പാലം സൈന്യം നിര്‍മ്മിച്ചത്. രണ്ട് മാസത്തേയ്ക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരം കുറഞ്ഞ വാഹനങ്ങള്‍ നദി കുറുകെക്കടന്നത്. ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിര്‍മ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിലായിരുന്നു ആ പാലം നിര്‍മ്മാണം. അതിന് 30 മീറ്റര്‍ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 5,602 മീറ്റര്‍ ഉയരത്തിലാണ് ആ പാലം സ്ഥിതി ചെയ്യുന്നത്.