ആമസോണ്‍ തലവനെ മറികടക്കുമോ ലോക
കോടീശ്വരനാകാന്‍ ഒരുങ്ങി എലോണ്‍ മസ്‌ക്
ലോകത്ത് എലോണ്‍ മസ്‌ക് എന്ന് പേര് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഭൂമിയില്‍ നിന്ന് ആളുകളെ ബഹിരാകാശത്ത് എത്തിക്കുവാനും അവിടെ ഇറക്കി തിരിച്ചുവരാനും പിന്നെയും പോയി കൂട്ടിക്കൊണ്ടിവരാനും കഴിയുന്ന ബഹിരാകാശ ടാക്‌സികള്‍ നിര്‍മ്മിച്ചയാളാണ് എലോണ്‍ മസ്‌ക്. ഇതിനായി അദ്ദേഹം സ്‌പേയ്‌സ് എക്‌സ് എന്ന കമ്പനിയും ആരംഭിച്ചിട്ടുണ്ട്. ചൊവ്വയെ ഭൂമിയുടെ കോളനി ആക്കുക എന്ന എലോണിന്റെ ലക്ഷ്യത്തെ ബാല്യകാല ഹീറോ ആയിരുന്ന നീല്‍ ആംസ്‌ട്രോങ് ഉള്‍പ്പടെയുള്ള തലതൊട്ടപ്പന്‍മാരെല്ലാം തള്ളിപ്പറഞ്ഞിരുന്നു. എന്നിട്ടും എലോണ്‍ തന്റെ സ്വപ്നം കൈവിട്ടില്ല. ദീര്‍ഘനാളെത്തെ കഠിനപരിശ്രമത്തിന്റെ ഫലമായി, തന്നെ തള്ളിപ്പറഞ്ഞവരുടെ മുഖം കുനിപ്പിച്ച് 2020ല്‍ എലോണ്‍ തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകേകി. മെയില്‍ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് നാസയുടെ രണ്ടു ബഹിരാകാശയാത്രികര്‍ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് കുതിച്ചുയര്‍ന്നത് അയാള്‍ സ്വപ്നം കണ്ട ടാക്‌സി റോക്കറ്റിലായിരുന്നു. വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി റോക്കറ്റ് തിരിച്ചെത്തുകയും ചെയ്തു.
എലോണിന്റെ സ്വകാര്യ റോക്കറ്റിന്റെ വമ്പന്‍ വിജയത്തോടെ ബഹിരാകാശ യാത്രകള്‍ സാധാരണ മനുഷ്യന് കൂടി പ്രാപ്തമാക്കുന്ന ഉല്ലാസയാത്രകളായി മാറുന്ന മറ്റൊരു യുഗത്തിലേക്കുള്ള മനുഷ്യരാശിയുടെ ചുവടുവയ്പ്പായി മാറുകയായിരുന്നു. 2018ല്‍ ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് റോക്കറ്റുകള്‍ വിക്ഷേപിക്കുകയും അവയെ ഒരേസമയം ഭൂമിയില്‍ തിരിച്ചു ഇറക്കുകയും ചെയ്തുകൊണ്ട് അയാള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതുകൂടാതെ കാലിഫോര്‍ണിയയില്‍ നിര്‍മിച്ച ടെസ്‌ല എന്ന ഇലക്ട്രിക് കാറ് കൊണ്ടും അദ്ദേഹം നമ്മെ അതിശയിപ്പിച്ചിരുന്നു.
നിലവില്‍ ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനെന്ന പട്ടം ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ല, സ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ടെക്‌നോളജീസ് കോര്‍പ്പറേഷന്‍ അഥവാ സ്പേസ് എക്സ് എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആയ എലോണ്‍ മസ്‌കിന് സ്വന്തമാണ്. ടെസ്‌ലയുടെ ഓഹരിവിലക്കുതിപ്പാണ് ഈ നേട്ടത്തിന് പിന്നില്‍. കഴിഞ്ഞ വര്‍ഷം ടെസ്ലയുടെ ഓഹരി വില 743 ശതമാനമായി ഉയര്‍ന്നിരുന്നു.
ഇതുകൂടാതെ ബുധനാഴ്ചയും ടെസ്ലയുടെ ഓഹരി വിലയില്‍ 2.8 ശതമാനം വര്‍ധയുണ്ടായി. 181.1 ബില്യണ്‍ ഡോളറാണ് (ഏകേദശം പതിമൂന്നായിരം കോടി രൂപ) എലോണിന്റെ ആകെ ആസ്തി. കഴിഞ്ഞ വര്‍ഷം മാത്രം അദ്ദേഹത്തിന്റെ ആസ്തിയില്‍ 150 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണുണ്ടായത്. ചരിത്രത്തില്‍ ആദ്യമായാണ് കുറഞ്ഞ കാലയളവില്‍ ഒരാളുടെ സമ്പത്തില്‍ ഇത്രയുമധികം വളര്‍ച്ചയുണ്ടാകുന്നത്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം നിലവില്‍ ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ആണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി.
184 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. 2017 ഒക്ടോബര്‍ മുതല്‍ ഈ സ്ഥാനത്ത് തുടരുന്ന ബെസോസിന് എലോണിന്റെ ഈ വളര്‍ച്ച വലിയ തിരിച്ചടിയാണ്. ഇതുകൂടാതെ സ്വകാര്യ ബഹിരാകാശ മല്‍സരത്തിലും ബെസോസിന്റെ പ്രധാന എതിരാളി കൂടിയാണ് മസ്‌ക്. ബെസോസിന്റെ ഉടമസ്ഥതയിലുള്ള എയ്റോസ്പേസ് നിര്‍മ്മാണ കമ്പനിയാണ് ബ്ലൂ ഒറിജിന്‍ എല്‍എല്‍സി.