ദില്ലി: അതിശക്തമായ ഭൂചലനത്തില്‍ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്ത്. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ദുരന്തത്തില്‍ നാനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും 125 പേര്‍ ഇതുവരെ മരിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകള്‍ നേപ്പാളിലെത്തി. അതിനിടെ ഇന്നലെയുണ്ടായ ദുരന്തത്തില്‍ നേപ്പാള്‍ നല്‍ഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചുവെന്ന് സ്ഥിരീകരണം വന്നു.
ഇന്നലെ രാത്രി 11.30 യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒട്ടേറെ പേര്‍ മരിച്ചുവെന്നും നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സംശയം. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായി. ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയില്‍ യുപി, ദില്ലി, ബീഹാര്‍, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. എത്ര ഗുരുതരമാണ് സാഹചര്യമെന്ന് ഇനിയും വ്യക്തമായിട്ടില്ല. രാത്രി 11.30 യോടെ നടന്ന അപകടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഈ മേഖലയില്‍ ഒരു മാസത്തിനിടെയുണ്ടായ മൂന്നാമത്തെ ഭൂകമ്പമാണ്.