ദില്ലി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യത. 2022 ഫെബ്രുവരിയില്‍ റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്റെ ആദ്യ യാത്രയായിരിക്കും. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിന്‍ സ്വീകരിച്ചതായി ക്രെംലിന്‍ സ്ഥിരീകരിച്ചിരുന്നെങ്കിലും തീയതികള്‍ അന്തിമമായി തീരുമാനിച്ചിരുന്നില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സെപ്റ്റംബര്‍ ഒന്നിന് ചൈനയിലെ ടിയാന്‍ജിനില്‍ വെച്ച് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡിസംബര്‍ സന്ദര്‍ശന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
മാറുന്ന ആഗോള സമവാക്യങ്ങള്‍ക്കിടയിലെ സന്ദര്‍ശനം
മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തില്‍ പുടിന്റെ ഈ സന്ദര്‍ശനം അതീവ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യ - യുഎസ് ബന്ധത്തില്‍ അടുത്ത കാലത്തായി ഉലച്ചിലുകള്‍ നേരിടുന്നുണ്ട്. എന്നാല്‍ റഷ്യയുമായും ചൈനയുമായുമുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമാവുകയും ചെയ്തു. റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. യുക്രൈന്‍ യുദ്ധത്തിന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നതിലൂടെ പരോക്ഷമായി സാമ്പത്തിക സഹായം നല്‍കുന്നു എന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ആരോപിക്കുകയും ചെയ്തിരുന്നു.