തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരം മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. മേയര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ചതോടെ നഗരസഭ യുദ്ധക്കളമായി മാറി. മേയര്‍ ഓഫീസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ കടുത്ത ഉന്തിലും തള്ളിലും പെട്ട് മേയറും മുതിര്‍ന്ന നേതാവ് വഞ്ചിയൂര്‍ ബാബുവും നിലത്തുവീണു. മേയറുടെ വരവോടെ നഗരസഭയ്ക്കുള്ളിലും പുറത്തും വലിയ തോതിലുള്ള അടിയും സംഘര്‍ഷവുമാണ് അരങ്ങേറിയത്.
മേയറുടെ ചേംബറിന് മുന്നില്‍ സി.പി.എം, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടി. എല്‍.ഡി.എഫ് ഉപരോധത്തെ തുടര്‍ന്ന് രാജേഷിനെ ഓഫീസിനുള്ളിലേക്ക് കയറ്റാന്‍ സമരക്കാര്‍ സമ്മതിച്ചില്ല. ഇതോടെ കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും തമ്മില്‍ വലിയ അടിപിടിയുണ്ടാവുകയും, സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ച പോലീസിനെതിരെയും മര്‍ദ്ദനമുണ്ടാവുകയും ചെയ്തു. നഗരസഭയ്ക്ക് അകത്തുണ്ടായ സംഘര്‍ഷത്തില്‍ സിപിഎമ്മിന്റെയും ബിജെപിയുടെയും രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സി.പി.എം കൗണ്‍സിലര്‍ കാട്ടായിക്കോണം സിന്ധു ശശി, ബി.ജെ.പി കൗണ്‍സിലര്‍ ദീപ പേരൂര്‍ക്കട എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതാണ് പിന്നീട് പുറത്ത് കൂടുതല്‍ ശക്തമായ സംഘര്‍ഷത്തിന് വഴിതെളിച്ചത്. പരിക്കേറ്റ മേയറെയും മറ്റ് കൗണ്‍സിലര്‍മാരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഘര്‍ഷത്തിനിടയിലൂടെ മേയര്‍ പുറത്തുവന്ന് കാറില്‍ കയറിയ സമയത്ത് സി.പി.എം പ്രവര്‍ത്തകര്‍ മേയര്‍ക്കെതിരെ കൂക്കിവിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. നഗരസഭാ പരിസരത്ത് ഇപ്പോഴും കനത്ത പോലീസ് കാവല്‍ തുടരുകയാണ്.