മമത തൃണമൂലില്‍ നിന്ന് പുറത്താകുമോ
ദില്ലി : ബംഗാളില്‍ 15 വര്‍ഷത്തെ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ തുടങ്ങിയ ആഭ്യന്തര കലാപം പിളര്‍പ്പിലേക്ക്. വിമതരായ എംപിമാര്‍ ഇന്ന് ദില്ലിയില്‍ യോഗം ചേരും. കരുനീക്കങ്ങള്‍ നടത്തി വിമതരെ ഏകോപിപ്പിക്കുന്ന ബിജെപി നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയും വിമതരെ ഒരുമിച്ച് കാണും. യഥാര്‍ത്ഥ ടിഎംസി തങ്ങളാണെ ന്നവകാശപ്പെട്ട് നാളെ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കാനുള്ള നീക്കങ്ങളാണ് ബിജെപി പിന്തുണയോടെ വിമതര്‍ നടത്തുന്നത്.
പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 58 വിമത ടി.എം.സി എം.എല്‍.എമാര്‍ ചേര്‍ന്ന് പ്രത്യേക പ്രതിപക്ഷ ബ്ലോക്ക് രൂപീകരിക്കുകയും സ്പീക്കര്‍ അതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. ഇതിന് സമാനമായ രീതിയില്‍ ലോക്‌സഭയില്‍ പ്രത്യേക ബ്ലോക്ക് എന്നതാണ് വിമതരുടെ നീക്കം. മമത ബാനര്‍ജിയുടെ അനന്തരവനും പാര്‍ട്ടിയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയിലേക്ക് പാര്‍ട്ടി അധികാരം കേന്ദ്രീകരിക്കുന്നതിനെതിരായ നീക്കങ്ങളാണ് ടിഎംസിയുടെ പിളര്‍പ്പിലേക്കെത്തിയത്.
അതിനിടെ, പാര്‍ട്ടി നേതൃത്വവുമായി അകലുകയും സംഘടന വിട്ടുപോവുകയും ചെയ്ത നേതാക്കളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് മമത ബാനര്‍ജി ടിഎംസി പുനഃസംഘടിപ്പിച്ചു. ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ സൗഗത റോയിയെയും ജ്യോതിപ്രിയ മല്ലിക്കിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി വിട്ട വിമതരെ പദവികളില്‍ നിന്നും ഒഴിവാക്കി. സായോനി ഘോഷിനെയും സുദീപ് ബന്ദോപാധ്യായയും ചുമതകളില്‍ നിന്ന് നീക്കി. മഹുവ മൊയ്ത്ര, ബിമന്‍ ബാനര്‍ജി തുടങ്ങിയ പ്രമുഖ നേതാക്കള്‍ സൂം വഴി വിര്‍ച്വലായി ഈ യോഗത്തില്‍ പങ്കെടുത്തു.