ദില്ലി:ഹോര്‍മുസ് കടലിടുക്കിന് നേരെ ഇറാന്‍ തൊടുത്തുവിട്ട നാല് ഡ്രോണുകള്‍ തങ്ങള്‍ വെടിവെച്ചിട്ടതായി അമേരിക്കന്‍ സൈന്യത്തിന്റെ അവകാശവാദം. പിന്നാലെ തിരിച്ചടിയെന്നോണം ഇറാന്റെ തീരദേശ നിരീക്ഷണ റഡാര്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം നടത്തിയെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. ഇതോടെ ഇറാന്‍- അമേരിക്ക താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രതിസന്ധിയിലായി. ഇറാനുമേല്‍ ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടയിലാണ് പുതിയ സൈനിക നടപടി. ഹോര്‍മൂസ് മേഖലയിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ ഭീഷണിയുയര്‍ത്തിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനാണ് കടലിടുക്കിലെ ഒരു ദ്വീപ് ഉള്‍പ്പെടെയുള്ള റഡാര്‍ കേന്ദ്രങ്ങള്‍ തകര്‍ത്തതെന്നും സൈന്യം വ്യക്തമാക്കി. ആഗോള എണ്ണ-വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്.