ദില്ലി: ലോണ്‍ തട്ടിപ്പ് കേസില്‍ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട് ആകെ 7500 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി) അറിയിച്ചു. 4500 കോടി രൂപ വരുന്ന ധീരുഭായ് അംബാനി നോളജ് സിറ്റിയടക്കം കണ്ടുകെട്ടിയെന്നാണ് ഇ ഡി വ്യക്തമാക്കിയത്. ദില്ലി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂന, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി തുടങ്ങി 40 ഇടങ്ങളിലെ വസ്തുവകകള്‍ ഇ ഡി കണ്ടുകെട്ടി. മുംബൈ ബന്ദ്രയിലെ അനില്‍ അംബാനിയുടെ പാലി ഹില്‍ ഹൗസും കണ്ടുകെട്ടിയിട്ടുണ്ട്. 17000 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലാണ് ഇ ഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്.
സ്വത്ത് കണ്ടുകെട്ടലുമായി ബന്ധപ്പെട്ടുള്ള നടപടികളില്‍ പ്രതികരണവുമായി റിലയന്‍സ് ?ഗ്രൂപ്പ് രംഗത്തെത്തി. അന്വേഷണ ഏജന്‍സിയുടെ നടപടി കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല എന്നാണ് റിലയന്‍സ് പ്രതികരിച്ചത്. ആര്‍ കോം ആറ് വര്‍ഷത്തിലേറെയായി കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയിലൂടെ റിലയന്‍സ് ?ഗ്രൂപ്പ് അറിയിച്ചു.
നേരത്തെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെയും ആര്‍ കോം ഡയറക്ടറുമായ അനില്‍ അംബാനിയുടേയും ലോണ്‍ അക്കൗണ്ടുകള്‍ ബാങ്ക് ഓഫ് ബറോഡ, വഞ്ചനാ അഥവാ ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് പാപ്പരത്ത നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് എടുത്തിട്ടുള്ള ലോണുകളാണ് ഇത്തരത്തില്‍ വഞ്ചനാ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2016 ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്രപ്റ്റ്‌സി കോഡ് അനുസരിച്ച് നിലവില്‍ പാപ്പരത്ത നടപടിയില്‍ ഉള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, നിലവില്‍ വഞ്ചനാ ഗണത്തില്‍ ഉള്‍പ്പെടുത്തിയ വായ്പകള്‍ ഇന്‍സോള്‍വന്‍സി നടപടികള്‍ക്ക് മുമ്പുള്ള കാലയളവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ഇവ പരിഹരിക്കപ്പെടേണ്ടത് കടം വീട്ടുന്നതിലൂടെയോ മറ്റ് ധാരണകളോ വഴിയോ ആയിരിക്കുമെന്ന് കമ്പനി ഇതിനോടകം നിലപാട് വിശദമാക്കിയിട്ടുണ്ട്. നിലവില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് നിയന്ത്രണം റിസല്യൂഷന്‍ പ്രൊഫഷണല്‍ അനീഷ് നിരഞ്ജന്‍ നാനാവട്ടിയാണ് നിര്‍വഹിക്കുന്നത്. അനില്‍ അംബാനി ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്ന് മാറ്റപ്പെട്ടിരുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് കടം പരിഹരിക്കാനായി രൂപീകരിച്ചിരിക്കുന്ന കമ്മിറ്റി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നതിനിടെയാണ് ബാങ്ക് ഓഫ് ബറോഡയുടെ നീക്കം.