എ.ഐ. കാമറ ഇടപാടില്‍ വീണ്ടും അഴിമതി ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം: എഐക്യാമറ വിഷയത്തില്‍ വീണ്ടും അഴിമതി ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഐ ക്യാമറ നടത്തിപ്പിനായി ലാപ്‌ടോപ്പ് വാങ്ങിയതിലാണ് പുതിയ അഴിമതി ആരോപണം. 358 ലാപ്‌ടോപ്പുകള്‍ മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയെന്നാണ് ആരോപണം. ടെന്‍ഡറില്‍ പറയുന്ന പ്രത്യേകതകളുള്ള ലാപ്‌ടോപ്പിന് 57000 രൂപയാണ് മാര്‍ക്കറ്റ് വില. എന്നാല്‍ 1,48,000 രൂപ നല്‍കിയാണ് ലാപ്‌ടോപ് വാങ്ങിയത്. ടെന്‍ഡര്‍ നല്‍കിയതുമായി ബന്ധപ്പെട്ടുള്ള രേഖയും രമേശ് ചെന്നിത്തല പുറത്തുവിട്ടു.
എസ് ആര്‍ ഐ ടി യും പ്രസാഡിയോയും തന്നെയാണ് ഈ അഴിമതിക്ക് പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ചേര്‍ന്ന് എ.ഐ ക്യാമറ അഴിമതി ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയ ആരോപണമായി ചെന്നിത്തല രംഗത്തെത്തിയത്. ഇക്കാര്യം കൂടി അഭിഭാഷകന്‍ മുഖേന കോടതിയെ ധരിപ്പിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.