ന്യൂയോര്‍ക്ക്: ലഷ്‌കര്‍ കൊടുംഭീകരന്‍ അബ്ദുല്‍ റഹ്മാന്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎന്‍. മക്കിയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന നിരന്തരം എതിര്‍ത്തിരുന്നു. ഇന്ത്യയുടെ ഭീകര വിരുദ്ധ പോരാട്ടത്തിലെ സുപ്രധാന നേട്ടമാണ് ഇപ്പോഴത്തെ യു എന്‍ തീരുമാനം. അബ്ദുല്‍ റഹ്മാന്‍ മക്കിക്ക് 68 വയസുണ്ട്. ഇപ്പോഴും പാക്കിസ്ഥാനില്‍ സൈ്വര്യ വിഹാരം നടത്തുകയാണ് കൊടും ഭീകരനായ അബ്ദുല്‍ റഹ്മാന്‍ മക്കി. ലഷ്‌കറെ ത്വയ്യിബ, ജമാഅത്തുദ്ദവ ഭീകര സംഘങ്ങളുടെ തലപ്പത്തെ രണ്ടാമന്‍. കശ്മീരില്‍ നിരന്തരം നടക്കുന്ന ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളാണ് അബ്ദുല്‍ റഹ്മാന്‍ മക്കി.
ലഷ്‌കര്‍ ഭീകരര്‍ക്ക് പണം എത്തിക്കുന്ന ആഗോള ശൃഖലയുടെ ചുമതലക്കാരനായ അബ്ദുല്‍ റഹ്മാന്‍ മക്കിക്ക് അമേരിക്ക തലയ്ക്ക് 16 കോടി വിലയിട്ടിരുന്നു. ഈ ഭീകരനെയാണ് ഇന്ന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയിദിന്റെ ഉറ്റ ബന്ധുവാണ് അബ്ദുല്‍ റഹ്മാന്‍ മക്കി. കാശ്മീരില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ നടത്തിയതിന് മക്കിയുടെ മകന്‍ ഉവൈദിനെ 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു.
അബ്ദുല്‍ റഹ്മാന്‍ മക്കിയെ യുഎന്നിന്റ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു. പോയ വര്‍ഷം ഈ നീക്കം ചൈന അവരുടെ വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. പാകിസ്ഥാന്‍ പൗരത്വമുള്ള ഭീകരരെ പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാടിനെതിരെ ഇന്ത്യ പരസ്യ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്തായാലും അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതോടെ ഇത്തവണ ചൈന വഴങ്ങുകയായിരുന്നു. അതുകൊണ്ടുതന്നെ ആഗോളതലത്തില്‍ ഇന്ത്യയുടെ ഭീകര വിരുദ്ധ ശ്രമങ്ങള്‍ക്കുള്ള നിര്‍ണായക വിജയമാണ് ഐക്യരാഷ്ട്ര സഭയുടെ തീരുമാനം.