രാജ്യത്തിന്റെ പൊതുസ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വകാര്യവത്കരിക്കുന്നു; ആസ്തി വില്‍പ്പനയല്ലെന്ന് ധനമന്ത്രി
ന്യൂഡെല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്തെ പൊതുസ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങുന്നു.ടെലികോം മേഖല, വൈദ്യുതി, നാച്ചുറല്‍ ഗ്യാസ് പൈപ്പ്ലൈന്‍, പ്രൊഡക്റ്റ് പൈപ്പ്ലൈന്‍ വെയര്‍ഹൗസിങ്, ഖനനം, വ്യോമയാന രംഗം, തുറമുഖ രംഗം, അര്‍ബന്‍ റിയല്‍ എസ്റ്റേറ്റ് തുടങ്ങി രാജ്യത്തെ പ്രധാന സ്വത്തുകള്‍ സ്വകാര്യവത്കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മൊത്തം ആറു ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ദേശീയ മോണിറ്റേസഷന്‍ പൈപ്പ്‌ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് കീഴില്‍ സ്വകാര്യവത്കരിക്കുന്നത്.
അതേസമയം ഇത് ആസ്തി വില്‍പ്പനയല്ലെന്നും ആസ്തികളുടെ മൂല്യം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
സ്വകാര്യ മേഖലക്ക് കരാറടിസ്ഥാനത്തില്‍ നിയന്ത്രണം നല്‍കുന്ന ആസ്തികളുടെ ഉടമസ്ഥാവകാശം പൂര്‍ണമായും സര്‍ക്കാരിന് ആണ് എന്നും കരാര്‍ കാലാവധി കഴിഞ്ഞാല്‍ ഇത് സര്‍ക്കാരിന് കൈമാറണമെന്നും ധനമന്ത്രി വ്യക്തമാക്കി.
ആസ്തിയില്‍ നിന്ന് കൂടുതല്‍ വരുമാനം നേടാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്ന പദ്ധതിയാണ് ഇതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. സര്‍ക്കാര്‍ സ്വകാര്യവത്കരണം വ്യാപകമാക്കുന്നതിനെതിരെ പ്രതിഷേധങ്ങളും ശക്തമാണ്. 2024-25 കാലയളവിനുള്ളില്‍ രാജ്യത്തെ എയര്‍പോര്‍ട്ടുകളും റെയില്‍വേയും പ്രധാന സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങളും ഉള്‍പ്പെടെ സ്വകാര്യമേഖലക്ക് തുറന്ന് കൊടുക്കുന്നതാണ് പദ്ധതി. ഇത് രാജ്യത്തെ പ്രധാന മേഖലകളുടെ നിയന്ത്രണം പൂര്‍ണമായും സ്വകാര്യ വ്യക്തികളിലേക്ക് കേന്ദ്രീകരിക്കാനും കുത്തകവത്കരണത്തിനും ഇടയാക്കുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
എല്‍ഐസി,എയര്‍ ഇന്ത്യ, ബിപിസിഎല്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, പവന്‍ ഹാന്‍സ്, ബിഇഎംഎല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 50,000 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. അതുപോലെ തന്നെ ആണവോര്‍ജ മേഖല, പ്രതിരോധ-ബഹിരാകാശ രംഗം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളില്‍ ഉള്‍പ്പെടെ കൂടുതല്‍ സ്വകാര്യവത്കരണം ലക്ഷ്യമിടുകയാണ് സര്‍ക്കാര്‍.