ലേലം പിടിച്ച് അമല്‍ മുഹമ്മദ് അലി; ഗുരുവായൂരപ്പന്റെ 'ഥാര്‍' കൈമാറുന്നതിനെ ചൊല്ലി തര്‍ക്കം
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 'ഥാര്‍' ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തര്‍ക്കം. താല്‍ക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചു. ഭരണ സമിതിയില്‍ അഭിപ്രായ വ്യത്യാസം വന്നേക്കാം. അങ്ങനെയെങ്കില്‍ തീരുമാനം മാറ്റേണ്ടി വരുമെന്ന് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറഞ്ഞു. ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് ലേലം നേടിയ അമലിന്റെ പ്രതിനിധി പറഞ്ഞു.അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ് 'ഥാര്‍' സ്വന്തമാക്കിയത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.
ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്യുവി ഥാര്‍ ലഭിച്ചത്. വാഹന വിപണിയില്‍ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കല്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. ആരെയും ആകര്‍ഷിക്കുന്ന നിറമായതിനാല്‍ വിപണിയില്‍ നല്ല ഡിമാന്റുള്ള എസ്യുവിയാണ്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എന്‍ജിന്‍.