ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നു; രാജ്യത്ത്
ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം
ദില്ലി: ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുകയാണെന്നും രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ നിസാരമെന്ന് കരുതി തള്ളിക്കളയാന്‍ ആവില്ല. ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ദക്ഷിണാഫ്രിക്കയിലെ 90 ശതമാനം കൊവിഡ് കേസുകളും ഒമിക്രോണാണെന്നും രാജ്യത്ത് ഇതുവരെ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണം വേണം. 19 ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ, ദില്ലിയില്‍ പത്ത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ, രാജ്യ തലസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി.
കോംഗോയില്‍ നിന്നും കൊച്ചിയിലെത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താനുള്ള ഊര്‍ജിത പരിശ്രമം തുടരുകയാണ് ആരോഗ്യ വകുപ്പ്. ഏഴ് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ പോയ സ്ഥലങ്ങള്‍ കണ്ടെത്തിയ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. എറണാകുളത്ത് ഇന്നലെയാണ് ഇയാള്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന ആശ്വാസഫലം ഇതിനിടെ പുറത്തുവന്നിരുന്നു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും അടുത്ത സമ്പര്‍ക്കത്തിലുള്ളവവരുടെ ഫലമാണ് നെഗറ്റീവായതെന്ന് മന്ത്രി വ്യക്തമാക്കി. ഒരാള്‍ സഹോദരനും മറ്റേയാള്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയയാളുമാണ്. ഏഴ് ദിവസം വരെ ഇവര്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു കോംഗോയില്‍ നിന്നെത്തിയ ആള്‍ക്ക് അനുവദിച്ചത്.
എന്നാല്‍ ഇദ്ദേഹം ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പോയിരുന്നു. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക താരതമ്യേന വലുതാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണെന്നും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.