തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിന് പിന്നാലെ ആത്മകഥയില്‍ തന്നെ കുറ്റപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശിവശങ്കരനെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ്. ശിവശങ്കര്‍ ജീവിത്തിന്റെ ഭാഗമാണ്. കുടുബത്തിന്റെ എല്ലാ കാര്യങ്ങളിലും ഭാഗമായിരുന്നു. പിറന്നാളുകളില്‍, ആഘോഷങ്ങളില്‍ എല്ലാം അദ്ദേഹം ഉണ്ടായിരുന്നു.
അദ്ദേഹവുമായി അടുപ്പത്തിലായിരുന്ന കാലത്ത് ശിവശങ്കരന്‍ പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. കോണ്‍സുലേറ്റില്‍ നിന്ന് എന്നോട് മാറാന്‍ പറഞ്ഞതും സ്‌പേസ് പാര്‍ക്കില്‍ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞു.
അദ്ദേഹത്തെ പോലെ മുതിര്‍ന്നൊരു ഐഎഎസ് ഉദ്യോഗസ്ഥന് ഐഫോണ്‍ കൊടുത്ത് ചതിക്കാന്‍ മാത്രം സ്വപ്ന സുരേഷ് എന്ന താന്‍ വളര്‍ന്നിട്ടില്ല. എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനമാത്തെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള എന്തെങ്കിലും ആത്മകഥയിലുണ്ടെങ്കില്‍ അത് ശരിയായില്ല. ആരെയും ദ്രോഹിക്കാനും ചെളിവാരിയെറിയാനും താന്‍ താത്പര്യപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.ഐഫോണ്‍ മാത്രമല്ല, ശിവശങ്കരന് ഒരുപാട് സമ്മാനം താന്‍ നല്‍കിയിട്ടുണ്ട്. പേഴ്‌സണല്‍ കംപാനിയന്‍ എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ ജീവിത്തില്‍. കിട്ടിയ സമ്മാനങ്ങളില്‍ ഐ ഫോണിന്റെ കാര്യം മാത്രം പറഞ്ഞത് ശരിയായില്ല. പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ എന്തെങ്കിലും പറയാനാണെങ്കില്‍ താനും പുസ്തകം എഴുതാമെന്നും സ്വപ്ന പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് വന്നതോടെ താന്‍ നിരന്തരം അധിക്ഷേപിക്കപ്പെടുകയാണെന്നും സ്വപ്‌ന പറഞ്ഞു. മൂന്ന് പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളും തന്നെ നിരന്തരം അധിക്ഷേപിക്കുകയാണ്യ
വിവാദം വന്നതിന് പിന്നാലെ തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. ഭര്‍ത്താവും കേസിലെ ഒന്നാം പ്രതി സരിത്തിന്റെ കുടുംബവും ശിവശങ്കരനും ചേര്‍ന്ന് തനിക്കെതിരെ ഒരുപാട് കാര്യങ്ങള്‍ പറയുകയാണ്. ഒരു സ്ത്രീയെ കിട്ടുമ്പോള്‍ എന്തെങ്കിലും പറഞ്ഞ് ക്ലോസ് ചെയ്യാമെന്ന് കരുതരുത്. അതൊന്നും ശരിയല്ല.
യുഎഇ കോണ്‍സുലേറ്റിലെ ബന്ധം വെച്ചാണ് ശിവശങ്കരന്‍ തന്നെ പരിചയപ്പെട്ടത്. തന്റെ മിഡില്‍ ഈസ്റ്റ് കണക്ഷനും കാര്യക്ഷമതയും കണ്ടാണ് ക്ലോസായത്. പിന്നെ കുടുംബത്തിന്റെ ഭാഗമായെന്നും ജീവിതത്തില്‍ പേഴ്‌സണല്‍ കംപാനിയനായി അദ്ദേഹം മാറിയെന്നും സ്വപ്ന പറഞ്ഞു. തന്റെ ജീവിതത്തില്‍ ശിവശങ്കര്‍ അറിയാതെ ഒന്നും നടന്നിട്ടില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
വിവാദങ്ങള്‍ക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭര്‍ത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോള്‍. എന്റെ ഭര്‍ത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭര്‍ത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശിവശങ്കരന്‍ തന്ന സ്‌പേസ് പാര്‍ക്കിലെ ജോലി തനിക്ക് അന്നമായിരുന്നു. അതൊരു സഹായമായിരുന്നു. അദ്ദേഹം കുടുംബമായിരുന്നു. അതിലെനിക്ക് കള്ളം പറയേണ്ടതില്ല. എന്നിട്ട് അദ്ദേഹത്തിന് ആ നിയമനത്തെ കുറിച്ച് അറിയില്ലെന്ന് പറയരുത്. അദ്ദേഹം പറഞ്ഞിട്ടാണ് താന്‍ സ്‌പേസ് പാര്‍ക്കിലും സര്‍ക്കാരിലും ഉന്നത തലത്തിലുള്ളവരെ കണ്ടതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.