റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ റോഡിലൂടെ അലഞ്ഞ സിംഹത്തിന് കാറിടിച്ച് പരിക്ക്. റിയാദ് നഗരത്തിലെ എയര്‍പ്പോര്‍ട്ട് റോഡിലായിരുന്നു സംഭവം. വാഹനമിടിച്ച് പരിക്കേറ്റ സിംഹത്തെ ചികിത്സക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സിംഹം പരിക്കേറ്റ് കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ദേശീയ വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥരാണ് പൊലീസിന്റെയും മൃഗഡോക്ടര്‍മാരുടെയും നിരീക്ഷണത്തില്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ശരീര ഭാഗങ്ങളില്‍ പരിക്കുള്ളതായി പരിശോധനയില്‍ കണ്ടെത്തി. അനസ്‌തേഷ്യ നല്‍കിയാണ് സിംഹത്തെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയത്. സിംഹത്തെ വാഹനമിടിച്ച വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വന്യസംരക്ഷണ കേന്ദ്രത്തിന് സിംഹത്തെ കൈമാറുകയും ചെയ്തതായി പരിസ്ഥിതി പ്രത്യേക സേനാ വക്താവ് മേജര്‍ റാഇദ് അല്‍മാലികി പറഞ്ഞു.ഏതെങ്കിലും തരത്തിലുള്ള വന്യമൃഗങ്ങളെ സ്വന്തമാക്കുകയോ വളര്‍ത്തുകയോ ചെയ്യുന്നവര്‍ അവയെ എത്രയും വേഗം വന്യജീവി സംരക്ഷണ വിഭാഗത്തിന് കൈമാറണമെന്ന് വന്യജീവി സംരക്ഷണ കേന്ദ്രം അധികൃതര്‍ ആവശ്യപ്പെട്ടു. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ കടത്തുന്നതും വളര്‍ത്തുന്നതും അവയുടെ പ്രദര്‍ശനവുമെല്ലാം രാജ്യത്തെ നിയമ പ്രകാരം പാരിസ്ഥിതിക നിയമ ലംഘനമാണ്. 10 വര്‍ഷം തടവും മൂന്ന് കോടി റിയാലുമാണ് ഇത്തരം നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ.