സമസ്തയെ പല ആളുകളും തെറ്റിദ്ധരിപ്പിച്ചു; വഖഫ്
ബോര്‍ഡ് നിയമന വിഷയത്തില്‍ ലീഗിനെതിരെ കെ ടി ജലീല്‍
മലപ്പുറം:വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സമസ്തയെ പല ആളുകളും തെറ്റിദ്ധരിപ്പിച്ചെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. മുസ്ലിം ലീഗ് അനുകൂലികളായ സമസ്തയിലെ രണ്ടാം നിര നേതാക്കള്‍ മുതിര്‍ന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനം. അത് സര്‍ക്കാര്‍ ചെയ്യുമെന്നും കെ ടി ജലീല്‍ പറഞ്ഞു. മുസ്ലിം ലീഗ് ഉണ്ടാക്കിയ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി പിരിച്ചു വിടണം. അത് തട്ടിക്കൂട്ട് കോര്‍ഡിനേഷനാണ്. ലീഗ് അനുകൂലികളായ സമസ്തയുടെ മൂന്നാം നിര നേതാക്കളെ കൊണ്ട് വന്ന് സമസ്തയുടെ അഭിപ്രായമാക്കാനുള്ള ലീഗ് ശ്രമമാണ് പൊളിഞ്ഞത് എന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെ സംബന്ധിച്ച് ഇതില്‍ മുന്നോട്ട് പോക്ക് ഉണ്ടാവുക എന്നതാണ് പ്രധാനം.
വഖഫ് ബോര്‍ഡ് നിയമന പ്രശ്‌നത്തില്‍ പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ നാളെ നടത്താനിരുന്ന പരിപാടികള്‍ മുസ്ലിം ലീഗ് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും പരിഹരിച്ചില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയതിന് പിന്നാലെ ലീഗധ്യക്ഷന്റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി തങ്ങളാണ് പ്രതിഷേധം മാറ്റിയതായി അറിയിച്ചത്.