ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അര്‍ഹരായവര്‍ രജിസ്റ്റര്‍ ചെയ്യണം, പ്രതിരോധ നടപടികള്‍ തുടരും; ബഹ്‌റൈന്‍
ബഹ്‌റൈന്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം ലക്ഷ്യം കാണുന്നത് വരെ തുടരും എന്ന് ബഹ്‌റൈന്‍ നാഷനല്‍ മെഡിക്കല്‍ ടീം അംഗം ഡോ. വലീദ് അല്‍ മാനിഅ് പറഞ്ഞു. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് വരെ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ പാടില്ലെന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മ്മിച്ചു. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മിലിട്ടറി ഹോസ്പിറ്റലിലെ ക്രൗണ്‍ പ്രിന്‍സ് സെന്റര്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് ആന്‍ഡ് ട്രെയിനിങ്ങില്‍ സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അര്‍ഹരായവര്‍ എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. ഇതിന് ആവശ്യമായ രജിസറ്റട്രേഷന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അര്‍ഹരായവര്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് വഴി ബി അവെയര്‍ ആപ്പില്‍ ഷീല്‍ഡിന്റെ നിറം പച്ചയില്‍ നിന്നും മഞ്ഞയായി മാറും. ബുസ്റ്റര്‍ സ്വീകരിക്കാന്‍ സമയം ആയെന്ന ഓര്‍മപ്പെടുത്തല്‍ ആണ് ഇത്.
ബൂസ്റ്റര്‍ ഡോസിനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും ബി അവെയര്‍ ആപ് വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടാതെ കുട്ടികള്‍ക്ക് ബഹ്‌റൈനില്‍ വാക്‌സിന്‍ നല്‍ക്കുന്നത് ആരംഭിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മുന്നോട്ട് വരണമെന്നും നാഷനല്‍ മെഡിക്കല്‍ ടീം അംഗവും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ സാംക്രമിക രോഗ കണ്‍സല്‍ട്ടന്റുമായ ഡോ. ജമീല അല്‍ സല്‍മാന്‍ പറഞ്ഞു.
മൂന്ന് വയസിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നിലവില്‍ സിനോഫാം വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ 12 വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സിനോഫാം അല്ലെങ്കില്‍ ഫൈസര്‍-ബയോണ്‍ടെക് വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും രോഗതീവ്രത കുറക്കാനും വേണ്ടിയാണ് ബഹ്‌റൈന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ പറയുന്നത്. ബഹ്‌റൈനില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണ്.
അതേസമയം, ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അര്‍ഹരായവരുടെ ബി അവെയര്‍ ആപ്പില്‍ പച്ച നിറം മാറി മഞ്ഞ നിറം ആയിട്ടുണ്ടാകും. ഇങ്ങനെ നിറം മാറുന്നത് കൊണ്ട് നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ ആകെ സംശയത്തിലാണ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 10 ദിവസത്തെ ക്വാറന്റീനിലും നാട്ടില്‍നിന്നുള്ള പിസിആര്‍ ടെസ്റ്റിന്റെ ഫലം ആണ് വേണ്ടത്. ഷീല്‍ഡ് മഞ്ഞയായി കാണിക്കുമ്പോള്‍ ക്വാറന്റീന്‍ ദിവസം നീണ്ടിപോകുമോയെന്ന ആശങ്കയിലാണ് പ്രവാസികള്‍. സമ്പൂര്‍ണ കൊവിഡ് പ്രതിരോധം രാജ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ബൂസ്റ്റര്‍ ഡോസ് നല്‍ക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കിയ ശേഷമാണ് ബുസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്.