വിദേശ ഷോയിലും ലൈംഗിക ചൂഷണം
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമ നടപടിക്കും ശുപാര്‍ശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയര്‍ക്കെതിരെ കേസ് എടുക്കാമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്ന പരാമര്‍ശം സ്വകാര്യത കണക്കിലെടുത്ത് പുറത്ത് വിടാതിരുന്ന ഭാഗത്താണുളളത്. വിദേശ ഷോകളുടെ പേരിലും നടികള്‍ക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാ കമ്മിറ്റിക്ക് മുന്നാകെ നടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
മലയാള സിനിമയില്‍ സ്ത്രീകള്‍ അതിക്രൂരമായി ലൈംഗിക ചൂഷണത്തിനും വിവേചനത്തിനും ഇരയാകുന്നതിന്റെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുളളത്. മലയാള സിനിമ അടക്കി വാഴുന്നത് ക്രിമിനലുകളും വന്‍കിട മാഫിയകളുമാണ്. അവസരം കിട്ടാനും സിനിമയില്‍ നില നിന്നു പോകാനും ലൈംഗിക താത്പര്യങ്ങള്‍ക്ക് സ്ത്രീകള്‍ വഴങ്ങേണ്ടി വരുന്നു. ചൂഷകരെ സംരക്ഷിക്കാന്‍ മലയാള സിനിമയില്‍ പവര്‍ ടീം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹകരിക്കുന്നവരെ തല്‍പരകക്ഷികളിലേക്ക് എത്തിക്കാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍മാര്‍ വഴി വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. ആര് അഭിനയിക്കണം, ആര് നിലനില്‍ക്കണമെന്ന്ഈ ഇടനിലക്കാര്‍ തീരുമാനിക്കണം. അവസരം കിട്ടാന്‍ ഒന്നോ ഒന്നിലധികം പേരുമാരുമായോ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. സഹകരിക്കുന്നവര്‍ ഗുഡ് വുമണ്‍, എതിര്‍ത്താല്‍ ബാഡ് വുമണ്‍ എന്ന ലേബലിടും.അഡ്ജസ്‌മെന്റും കോംപ്രമൈസും സിനിമാ ഫീല്‍ഡില്‍ പതിവ് വാക്കുകളാണ്. ഒറ്റയ്ക്ക് ഹോട്ടല്‍മുറിയില്‍ കഴിയാന്‍ പോലും ഭയമാണെന്ന് സ്ത്രീകള്‍ ഹേമ കമ്മറ്റിക്ക് മുന്നാകെ പറഞ്ഞു. രാത്രിയായാല്‍ വാതിലില്‍ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കില്‍ ഇടി വാതില്‍ തകര്‍ത്ത്
അകത്തേക്ക് കയറും.
ലൊക്കേഷനില്‍ മാത്രമല്ല സിനിമാരംഗങ്ങളിലും ലൈംഗിക ഷൂഷണമുണ്ടാകുന്നു. നഗ്‌ന ദൃശ്യങ്ങള്‍ നിര്‍ബന്ധിപ്പിച്ച് പകര്‍ത്തും. ഒഴിവാക്കാന്‍ ആവശ്യപ്പെട്ടാല്‍ സഹകരിക്കാന്‍ പറയും. മോശമായി പെരുമാറിയ നടന്റെ ഭാര്യയായി അയാളെ ആലംഗിനം ചെയ്യുന്ന ഷോട്ട് 17 റീ ടേക്ക് വരെ എടുക്കേണ്ടി വന്ന ദുരനുഭവം വരെ മൊഴി നല്‍കിയവരുണ്ട്. ആരോട് പരാതിപ്പെട്ടിട്ടും കാര്യമില്ല.ഐസിസി കമ്മറ്റികള്‍ നോക്കുകുത്തികളാണ്. ജീവഭയം കൊണ്ട് പൊലീസിനെ സമീപിക്കില്ല.സമീപിച്ചാല്‍ വിലക്കേര്‍പ്പെടുത്തുമെന്നും മൊഴിയിലുണ്ട്.