പഞ്ചാബ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നവ് ജ്യോത് സിദ്ദു രാജിവെച്ചു
അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പഞ്ചാബ് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അമരീന്ദര്‍ സിംഗ് രാജിവയ്ക്കുകയും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് സിദ്ദുവിന്റെ രാജി. വ്യക്തിത്വം പണയപ്പെട്ടത്തി ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ലെന്ന് രാജിക്കത്തില്‍ കുറിച്ചാണ് സിദ്ദു പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.
പഞ്ചാബില്‍ പുതുതായി ചുമതലയേറ്റ ചന്നി സര്‍ക്കാരില്‍ തന്റെ അനുയായികളായ എംഎല്‍എമാരെ ഉള്‍പ്പെടുത്താതിരുന്നതില്‍ സിദ്ദുവിന് കടുത്ത അമര്‍ഷമുണ്ടായിരുന്നതായാണ് വിവരം. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ സിദ്ദുവിനെ എഐസിസി നേതൃത്വം പൂര്‍ണമായും മാറ്റി നിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്.
'ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നതോടെ ഒരാളുടെ വ്യക്തിത്വം തകര്‍ന്നു തുടങ്ങും. പഞ്ചാബിന്റെ നല്ല ഭാവിയിലും ക്ഷേമത്തിലും എന്തെങ്കിലും ഒത്തുതീര്‍പ്പിന് ഞാന്‍ തയ്യാറല്ല. അതിനാല്‍ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം ഞാന്‍ രാജിവയ്ക്കുന്നു. സാധാരണ പ്രവര്‍ത്തകനായി കോണ്ഗ്രസില്‍ തുടരും' - സോണിയഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ സിദ്ദു കുറിച്ചു.
സിദ്ദുവുമായുള്ള ഭിന്നതരൂക്ഷമായതോടെയാണ് അമരീന്ദര്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. രാജിവച്ച ശേഷം സിദ്ദുവിനും കോണ്‍?ഗ്രസ് നേതൃത്വത്തിനുമെതിരെ പരസ്യപ്രസ്താവനയുമായി രം?ഗത്തുവന്ന അമരീന്ദര്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് പഞ്ചാബ് മുഖ്യമന്ത്രിയാവാനുള്ള നവജ്യോത് സിദ്ദുവിന്റെ മോഹം നടക്കില്ലെന്നും സിദ്ദുവിനെ തോല്‍പിക്കാന്‍ ഏതറ്റം വരേയും പോകുമെന്നും വ്യക്തമാക്കിയിരുന്നു. പഞ്ചാബിലുള്ള അമരീന്ദര്‍ ഇന്ന് ദില്ലിയിലേക്ക് വരുന്നുണ്ട്. അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും കാണും എന്ന അഭ്യൂഹം ശക്തമാണെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.