കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്ര ജന്മനാടായ പുതുപ്പള്ളിയിലേക്ക് നീങ്ങുന്നു. ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദര്‍ശനം അവസാനിപ്പിച്ചു. പുതുപ്പള്ളിയിലെ വീട്ടില്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് ഏഴരയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും.
ജനസാഗരങ്ങളുടെ ഒഴുക്ക് മൂലം മൂന്ന് മണിക്കൂര്‍ നേരമാണ് തിരുനക്കര മൈതാനിയിലെ പൊതുദര്‍ശനം നീണ്ടത്. കോട്ടയത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് 10 കിലോമീറ്റര്‍ ദൂരമാണുള്ളത്. യാത്രയിലുടനീളം ആളുകള്‍ കാണാനെത്തുന്നത് സംസ്‌കാര ചടങ്ങുകള്‍ വൈകിപ്പിക്കും. നിലവില്‍ നാലരയോടെ പുതുപ്പള്ളിയിലെ വീട്ടിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ വഴിയരികില്‍ നിര്‍ത്തേണ്ടി വന്നാല്‍ ഇനിയും സമയം വൈകും. അതേസമയം, വീട്ടില്‍ വെച്ച് സംസ്‌ക്കാര ശുശ്രുഷകള്‍ നടക്കും. പിന്നീട് പണി പൂര്‍ത്തിയാവാത്ത വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലേക്ക് കൊണ്ടുപോവും.
ആയിരക്കണക്കിന് പേരാണ് തിരുനക്കര മൈതാനിയില്‍ ഉമ്മന്‍ചാണ്ടിയെ കാണാനെത്തിയത്. വളരെ പാടുപെട്ടാണ് പൊലീസ് തിരക്ക് നിയന്ത്രിച്ചത്. സിനിമാ താരങ്ങളായ മമ്മൂട്ടി,സുരേഷ് ?ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി, സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയിലെത്തി ആദരമര്‍പ്പിച്ചു. ഇന്നലെ രാവിലെ 7 മണിമുതല്‍ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയം ന?ഗരത്തിലേക്ക് പ്രവേശിച്ചത്.
രാഷ്ട്രീയ കേരളം കരുതിയതിലും ഏറെ ആഴത്തില്‍ ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നുവെന്ന് വ്യക്തമാകുന്നതാണ് വിലാപയാത്ര. കാരുണ്യത്തിന്റേയും മനുഷ്യസ്‌നേഹത്തിന്റേയും ആള്‍രൂപമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് സുഹൃത്തും സഹപാഠിയും സഹപ്രവര്‍ത്തകനുമായ കെസി ജോസഫ് കോളേജ് പഠനകാലം മുതലുള്ള സൗഹൃദം ഓര്‍ത്തെടുത്ത് പറഞ്ഞു. എന്‍എസ്എസുമായുള്ള ഉമ്മന്‍ചാണ്ടിയുടെ ബന്ധം ഏറെ ദൃഢമായിരുന്നുവെന്ന് പെരുന്നയില്‍ വച്ച് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം, സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തിയിട്ടുണ്ട്.