ഏപ്രില്‍ 18ന് ശ്രദ്ധിക്കുക ആര്‍ടിജിഎസ് വഴി
പണമിടപാടുകള്‍ 14 മണിക്കൂര്‍ മുടങ്ങും
ഉയര്‍ന്ന മൂല്യമുള്ള പണം വേഗത്തില്‍ കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമായ ആര്‍ടിജിഎസിന്റെ (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സേവനങ്ങള്‍ 14 മണിക്കൂര്‍ തടസ്സപ്പെടും. ഏപ്രില്‍ 18 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ആര്‍ടിജിഎസ് സേവനങ്ങള്‍ തടസപ്പെടുക. സാങ്കേതിക സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
ഏപ്രില്‍ 17 ശനിയാഴ്ച ബിസിനസ് അവസാനിപ്പിച്ചതിന് ശേഷമാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. അതിനാല്‍ ആ സമയപരിധിക്ക് മുമ്പായി പണമിടപാടുകള്‍ പൂര്‍ത്തിയാക്കണമെന്നും അല്ലെങ്കില്‍ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാമെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു. അതേസമയം നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) വഴിയുള്ള ഇടപാടുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. ഇടപാടുകള്‍ നേരത്തെ പൂര്‍ത്തിയാക്കുന്നതിന് അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിക്കണമെന്നും ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചെറിയ തുക അടയ്ക്കുന്നതിനുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമാണ് നെഫ്റ്റ്. ആര്‍ടിജിഎസ്, നെഫ്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ബാങ്കുകള്‍ക്ക് മാത്രമേ ഇതുവരെ അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞയാഴ്ച ബാങ്ക് ഇതര പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ക്കും ഈ സേവനങ്ങള്‍ ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. രണ്ട് ലക്ഷം രൂപയോ അതില്‍ കൂടുതലോ മൂല്യമുള്ള തുക ഓണ്‍ലൈന്‍ വഴി അയക്കുന്നതിനാണ് ആര്‍ടിജിഎസ് സംവിധാനം ഉപയോഗിക്കുന്നത്.
നേരത്തെ ആര്‍ടിജിഎസ് എന്‍ഇഎഫ്ടി സേവനങ്ങള്‍ ബാങ്ക് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയേ ലഭ്യമാക്കിയിരുന്നുള്ളൂ. 2019 ഡിസംബറില്‍ എന്‍ഇഎഫ്ടി ഫണ്ട് ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ ആക്കുകയായിരുന്നു. ആര്‍ടിജിഎസ് സേവനങ്ങള്‍ 2020 ഡിസംബറില്‍ ആണ് 24 മണിക്കൂര്‍ നേരത്തേക്ക് ആക്കിയത്. രാവും പകലും ഉള്‍പ്പടെ എല്ലാ സമയത്തും പേയ്മെന്റ് സെറ്റില്‍മെന്റ് സംവിധാനം ലഭ്യമാകുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.