വരാനിരിക്കുന്നത് രണ്ടാമത്തേതിനെക്കള്‍ വലിയ കൊവിഡ് തരംഗം; 98 ദിവസം നീണ്ടുനില്‍ക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്
ദില്ലി: വരാനിരിക്കുന്ന കൊവിഡ് തരംഗം രണ്ടാം തരംഗത്തേക്കാള്‍ അപകടകാരിയെന്ന മുന്നറിയിപ്പുമായി എസ്ബിഐ റിപ്പോര്‍ട്ട്. കൊവിഡ് മൂന്നാം തരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കുമെന്നും എന്നാല്‍ മരണനിരക്ക് കുറവായിരിക്കുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസര്‍ച്ച് ടീം റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഗുരുതരമായ കേസുകളുടെ എണ്ണം 5 ശതമാനത്തിനപ്പുറത്തേക്ക് വര്‍ധിക്കുന്നില്ലെങ്കില്‍ മരണസംഖ്യ കുറയുമെന്നും മൂന്നാം തരംഗത്തില്‍ മരണസംഖ്യ 40,000 ആയി പരിമിതപ്പെടുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
രണ്ടാം തരംഗത്തില്‍ 1.7 ലക്ഷത്തോളം മരണമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഗുരുതരമായ കേസുകളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിദിനം 4.14 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒദ്യോഗിക കണക്കനുസരിച്ച് മാര്‍ച്ച് അവസാനം വരെ ഇന്ത്യയില്‍ 162,000 ആളുകള്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.
രണ്ട് മാസത്തിനുള്ളില്‍ മരണസംഖ്യ ഇരട്ടിയിലധികം വര്‍ധിച്ച് 330,000 ലക്ഷമായി. മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ പ്രതിരോധ കുത്തിവയ്പ്പാണ് വേണ്ടത്. രോഗസാധ്യതയേറെയുള്ള കുട്ടികള്‍ക്കാണ് ഇതില്‍ മുന്‍ഗണന നല്‍കേണ്ടത്. 12 മുതല്‍ 18 വയസ്സിനിടെയുള്ള 15 മുതല്‍ 17 കോടി കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ വികസിത രാജ്യങ്ങള്‍ സ്വീകരിച്ച രീതി ഇന്ത്യയും പിന്തുടരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്‌സിനുകളില്‍ എത്തിയാല്‍ കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം കുറയ്ക്കാം.മികച്ച ആരോഗ്യപരിരക്ഷാ സംവിധാനങ്ങളും വാക്സിനേഷനും വഴി ഗൗരവമായ കൊവിഡ് രോഗബാധയുടെ നിരക്ക് 20 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനും ഇതുവഴി മരണനിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.