പ്രഫുല്‍ കോഡ പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്ററും
ലക്ഷദ്വീപും: എന്താണ് സംഭവിക്കുന്നത്
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.ദ്വീപിനകത്തു നിന്നും പുറത്തു നിന്നും ഈ ആവശ്യം ശക്തമായി ഉയരുന്നുണ്ട്. പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ശേഷം ലക്ഷദ്വീപില്‍ വരുത്തിയിരിക്കുന്ന ഭരണ പരിഷ്‌കാരങ്ങളാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്്. മുന്‍ ബിജെപി നേതാവായ പ്രഫുല്‍ കെ പട്ടേല്‍ 2020 ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്ററായി അധികാരമേറ്റത്. അഞ്ച് മാസത്തിനിടയില്‍ അദ്ദേഹം ദ്വീപില്‍ വരുത്തിയ നിയമ പരിഷ്‌കാരങ്ങള്‍ വിളിച്ചു വരുത്തിയ പ്രതിഷേധങ്ങള്‍ ചെറുതല്ല. ്.
പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.
വോട്ടിങ്ങിലൂടെ അധികാരത്തില്‍ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം അടക്കമുള്ളവ അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാക്കി, സര്‍ക്കാര്‍ സര്‍വ്വീസില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടു, തീരദേശ നിയമത്തിന്റെ മറവില്‍ മത്സ്യ തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചു നീക്കി, മദ്യശാലകള്‍ തുറന്നു, ഡയറി ഫാമുകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനമെടുത്തു, വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരം നീക്കി, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ലെന്ന ചട്ടം, കുറ്റകൃത്യങ്ങള്‍ ഇല്ലാതിരുന്ന ദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവന്നു, കൊവിഡ് നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ചതോടെ രോഗികളുടെ എണ്ണം പെരുകി, പൗരത്വ നിയമത്തിനെതിരെയാ പോസ്റ്ററുകള്‍ ദ്വീപില്‍ നിന്നും നീക്കി, ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം അവസാനിപ്പിക്കാനും മംഗലാപുരം തുറമുഖവുമായി ബന്ധം സ്ഥാപിക്കാനും സമ്മര്‍ദ്ദം തുടങ്ങിയവയാണ് അഡ്മിനസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനു നേരെ ദ്വീപ് നിവാസികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍.
ഡയറി ഫാമുകള്‍ അടച്ചു പൂട്ടുന്നു
21-ാം തിയ്യതി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം എല്ലാ ഡയറിഫാമുകളും അടച്ചു പൂട്ടാനാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. ഡയറി ഫാമിലെ മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവില്‍ പറയുന്നുണ്ട്. ദ്വീപിലെ പാല്‍ ഉത്പന്നങ്ങളുടെ ഉത്പാദനം ഇല്ലാതാക്കി അമൂല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാണ് അഡ്മിനിസ്ട്രറ്ററുടെ നീക്കം എന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്. അറേബ്യന്‍ സീ കപ്പലില്‍ തിങ്കളാഴ്ച എത്തിക്കുന്ന അമൂല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം.
ദ്വീപ് ഡയറിക്ക് വിലക്ക്'
ലക്ഷദ്വീപില്‍ നിന്നുള്ള വാര്‍ത്താ മാധ്യമമായ 'ദ്വീപ് ഡയറിക്ക്' കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്. കുറച്ച് സമയത്തേക്ക് തങ്ങള്‍ വിലക്ക് നേരിട്ടതായും താങ്കള്‍ എന്റര്‍ ചെയ്തിരിക്കുന്ന വെബ്‌സൈറ്റ് അഡ്രസ് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം വിലക്കിയിരിക്കുകയാണ് എന്ന സന്ദേശമാണ് വായനക്കാര്‍ക്ക് ലഭിച്ചതെന്നും 'ദ്വീപ് ഡയറി' വ്യക്തമാക്കി. സൈറ്റില്‍ നിന്നുള്ള ചില വാര്‍ത്തകള്‍ക്ക് വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്.
കെ എസ് യു ട്വിറ്ററിന് വിലക്ക്
പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തതിനു പിന്നാലെ കെ എസ് യുവിന്റെ ട്വിറ്റര്‍ പ്രൊഫൈലിന് വിലക്ക്. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്താണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 'ജനാധിപത്യവിരുദ്ധ നടപടികളിലൂടെ ലക്ഷദ്വീപിനെയും, ലക്ഷദ്വീപിലെ ജനങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെയും, ബിജെപിയുടെയും വക്താവായി പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ നടപടികള്‍ക്കെതിരെ ട്വിറ്ററിലൂടെ പ്രതിഷേധിച്ചതിന്റെ പേരില്‍ കെ എസ് യു ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് അഭിജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
തിരികെ വിളിക്കണമെന്ന് സിപിഎം
ലക്ഷദ്വീപ് സമൂഹത്തെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. 99 ശതമാനവും മുസ്ലിങ്ങള്‍ താമസിക്കുന്ന ലക്ഷദ്വീപില്‍ തദ്ദേശീയരായ ജനങ്ങളുടെ ജീവിതത്തെയും വിശ്വാസത്തെയും അട്ടിമറിക്കുന്ന പരിഷ്‌കാരങ്ങളാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്നത്. ചുമതലയേറ്റെടുത്തയുടനെ കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റുകയാണ് അദ്ദേഹം ചെയ്തത്. 2020 വരെ കൊവിഡ് രോഗികള്‍ ഇല്ലാതിരുന്ന ദ്വീപില്‍ വൈറസ് അതിവേഗം വ്യാപിക്കാന്‍ ഇത് ഇടയാക്കിയെന്ന് എളമരം കരീം രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ദ്വീപിലെ നിയന്ത്രണങ്ങള്‍ സാംസ്‌കാരിക വൈവിധ്യം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും നിലവിലെ പരിഷ്‌കാരങ്ങള്‍ ദ്വീപ് സമൂഹത്തില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.
പ്രഫുല്‍ കെ പട്ടേല്‍
നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുല്‍ പട്ടേല്‍. 2010 ആഗസ്റ്റ് 21 നായിരുന്നു നിയമനം. സൊറാബുദീന്‍ ഷേഖ് വ്യാജ ഏറ്റമുട്ടല്‍ കേസിനെത്തുടര്‍ന്ന് അമിത് ഷാ ജയിലില്‍ പോയപ്പോഴായിരുന്നു പ്രഫുലിനെ ആഭ്യന്തര വകുപ്പ് മന്ത്രിയായി നിയമിച്ചത്. 2012 ല്‍ തെരഞ്ഞെടുപ്പില്‍ തോറ്റത് പ്രഫുലിന് തിരിച്ചടിയായി. 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പ്രഫുലിനെ ദാമന്‍ ആന്റ് ദിയുവിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. 2016 ല്‍ ദാദ്ര നഗര് ഹവേലിയുടെ ചുമതലയും നല്‍കി. കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ചരിത്രത്തിലെ ആദ്യ രാഷ്ട്രീയ നിയമനമാണ് പ്രഫുലിന്റേത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ് ശര്‍മ്മ 2020 ഡിസംബര്‍ നാലിന് മരിച്ചതിനു ശേഷമാണ് പ്രഫുലിന് ലക്ഷദ്വീപിന്റെ അധിക ചുമതല ലഭിച്ചത്.