ലഖിംപൂര്‍ കേസ്: ആശിഷ് മിശ്ര ഹാജരായി
ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത് പിന്‍വാതില്‍ വഴി
ദില്ലി: ലഖിംപുര്‍ ഖേരി കേസില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ആശിശ് എത്തിയത് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് പിന്‍വാതില്‍ വഴിയായിരുന്നു. ആശിഷ് മിശ്രയെ ഇപ്പോള്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേന്ദ്ര സഹമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്താലേ നീതി കിട്ടുവെന്ന് മരിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധു സത്യഗ്രഹം തുടരുകയാണ്.
രാവിലെ പത്തരയോടെ ക്രൈം ബ്രാഞ്ച് സംഘത്തലവന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ച് മാധ്യമപ്രവര്‍ത്തകരെ ഓഫീസിന്റെ മുന്‍വശത്തേക്ക് വിളിപ്പിച്ചിരുന്നു. ഈ സമയത്ത് പിന്‍വാതില്‍ വഴി ആശിഷിനെ അകത്തേക്ക് എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ പുറംവാതിലിന് സമീപത്തും ഉണ്ടായിരുന്നു. ഇതുവഴിയാണ് ആശിഷ് എത്തിയത്.