കോഴിക്കോട്: നിപ വൈറസ് കോഴിക്കോട് വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് രണ്ട് ദിവസമായി കേരളം. 2018 ല്‍ കേരളം സമ്പൂര്‍ണമായി പരാജയപ്പെടുത്തിയ വൈറസ് വീണ്ടുമെത്തിയപ്പോഴും നമ്മള്‍ ഇക്കുറിയും വൈറസിനെ തോല്‍പ്പിക്കുമെന്ന വിശ്വാസം ഏവര്‍ക്കുമുണ്ട്. ആ വിശ്വാസങ്ങള്‍ക്ക് ബലമേകുന്ന ആദ്യ ആശ്വാസ വാര്‍ത്തയാണ് ഇപ്പോള്‍ കോഴിക്കോട് നിന്നും പുറത്തുവന്നത്. കോഴിക്കോട് ആശുപത്രിയില്‍ നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. നിപ പ്രതിരോധത്തില്‍ കേരളം ശരിയായ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ആശ്വാസ വാര്‍ത്ത.